റെയില്‍വേ അഴിമതി; ബന്‍സല്‍ ഹാജരാവാന്‍ സമന്‍സ്

റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറിന് ഇല്ക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതല വാഗ്ദാനം നല്‍കി 90 ലക്ഷം രൂപ ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ല കൈക്കൂലി വാങ്ങിയതായാണ് കേസ്. ഈ തുകയുടെ ഒരു വിഹിതം ബന്‍സലിന് ലഭിച്ചതായി സിബിഐ അനുമാനിക്കുന്നു. കോഴത്തുകയയായ പത്തുകോടിയുടെ ആദ്യഗഡുവാണിതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
മഹേഷ് കുമാറും ബന്‍സലും ഏപ്രില്‍ 16ന് മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മഹേഷ് കുമാറിന് ബോര്‍ഡ് അംഗമായി സ്ഥാനക്കയറ്റം ലഭിച്ചത്. ഈ കൂടിക്കാഴ്ച്ചയുടെ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണ ഘട്ടത്തില്‍ പലയിടങ്ങളിലും ബന്‍സലിന്റെ പേര്‍ പരമാര്‍ശിക്കപ്പെട്ടതിനാല്‍ ഇടപാടില്‍ ബന്‍സലിന്റെയും റെയില്‍വേ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെയും പങ്കാണ് സിബിഐ ചോദ്യം ചെയ്യുക.
വിജയ് സിംഗ്ലയും മഹേഷ് കുമാറും ഇടപാടുകാരും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് സിബിഐ കഴിഞ്ഞ മാസം ഇവരെ അറസ്റ്റ് ചെയ്തത്. അഴിമതി കേസില്‍ അനന്തരവന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ആരോപണവിധേയനായ ബന്‍സലിനും മന്ത്രിസഭയില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വന്നു.












Click it and Unblock the Notifications