'ഗോപുമോന്റെ കുസൃതി എല്ലാര്‍ക്കും ഇഷ്ടമായിരുന്നു'
കൊച്ചി: ചെറിയ ചെറിയ കുസൃതികള്‍ കാണിച്ചിരുന്നെങ്കിലും ശ്രീശാന്ത് മലയാളികള്‍ക്ക് മുഴുവന്‍ പ്രിയപ്പെട്ടവനായിരുന്നു എന്ന് അമ്മ സാവിത്രിദേവി. ശ്രീശാന്ത് തെറ്റുചെയ്തു എന്ന് കരുതുന്നില്ല. ശ്രീശാന്തിനൊപ്പം അവനെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും പിന്തുണയുമായി ഉണ്ടാകണമെന്നും അമ്മ സാവിത്രീദേവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ശ്രീശാന്തിന്റെ കുടുംബം തയ്യാറായില്ല. ശ്രീശാന്തിന് വെള്ളിയാഴ്ചചെയങ്കിലും ജാമ്യം ലഭിച്ചേക്കും എന്ന് അമ്മ സാവിത്രിമ്മയും അച്ഛന്‍ ശാന്തകുമാരന്‍ നായരും പ്രതീക്ഷ പ്രകടിപ്പിച്ചു. ആരോടും പരിഭവമില്ലെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും സാവിത്രീദേവി പറഞ്ഞു. ഒരു മകനും ഇത്തരം ഒരവസ്ഥ വരാതിരിക്കട്ടെ എന്നുമാത്രമായിരുന്നു അവരുടെ പ്രാര്‍ത്ഥന.

മലയാളി ക്രിക്കറ്റ് താരങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്ന ഒരാളായിരുന്നു ശ്രീശാന്ത്. പുതിയ കളിക്കാര്‍ രംഗത്ത് വരണമെന്ന് ആഗ്രഹിച്ചിരുന്ന അവന്‍ തെറ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ല. എന്താണ് വീട്ടിലെ അവസ്ഥ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ എങ്ങനിരിക്കുമോ അങ്ങനെ തന്നെ എന്നായിരുന്നു സാവിത്രിയമ്മയുടെ മറുപടി.
ഐ പി എല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചു എന്നാരോപിച്ച് കഴിഞ്ഞമാസമാണ് ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ശ്രീശാന്ത്. ചൊവ്വാഴ്ച ശ്രീശാന്തിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications