ഒത്തുകളിച്ചതായി രാജ് കുന്ദ്ര സമ്മതിച്ചു
ദില്ലി: മൂന്ന് വര്‍ഷത്തോളമായി താന്‍ ഐ പി എല്ലില്‍ വാതുവെപ്പ് നടത്തുന്നുണ്ടെന്ന് രാജസ്ഥാന് റോയല്‍സിന്റെ ഉടമയും ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര പോലീസിനോട് സമ്മതിച്ചു. തങ്ങള്‍ക്ക് വാതുവെപ്പുമായി ബന്ധമില്ലെന്നായിരുന്നു തുടക്കം മുതല്‍ രാജ് കുന്ദ്രയും ശില്പ ഷെട്ടിയും പറഞ്ഞിരുന്നത്. വാതുവെപ്പ് നടത്തുന്നതായി ടീം ഉടമ തന്നെ തുറന്നുപറഞ്ഞതോടെ ഐ പി എല്ലിലെ ഒത്തുകളികേസ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.
രാജസ്ഥാന് റോയല്‍സിന്റെ ഉടമ എന്ന് പരക്കെ അറിയപ്പെടുന്നുണ്ട് എങ്കിലും ടീമിന്റെ 11.7 ശതമാനം ഓഹരികള്‍ മാത്രമാണ് രാജ് കുന്ദ്രയ്ക്ക് സ്വന്തമായുള്ളത്. എന്നാല്‍ ടീമിനൊപ്പം നിരന്തിരം സഞ്ചരിക്കുകയും കളിക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു ശില്പ ഷെട്ടിയും രാജ് കുന്ദ്രയും. രാജസ്ഥാന് റോയല്‍സിന്റെ കളികളിലെല്ലാം ഈ ജോഡികളെ ഡഗ് ഔട്ടില്‍ കാണാം. രാജ് കുന്ദ്ര കുറ്റസമ്മതം നടത്തിയ സ്ഥിതിയ്ക്ക് ശില്പ ഷെട്ടിയ്ക്കും വാതുവെപ്പ് ഇടപാടുകളില്‍ പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
ഒത്തുകളിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ രാജ് കുന്ദ്രയുടെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു. കുന്ദ്രയ്ക്ക് രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുന്ദ്രയെ രാവിലെ മുതല്‍ വൈകുന്നേരം വരെ ദില്ലി പോലീസ് ചോദ്യം ചെയ്തിരുന്നു. വ്യവസായിയായ കുന്ദ്ര 2009 ലാണ് ബോളിവുഡിലെ സൂപ്പര്‍ താരമായ ശില്പ ഷെട്ടിയെ വിവാഹം ചെയ്തത്.
നേരത്തെ, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സി ഇ ഒ ആയിരുന്ന ഗുരുനാഥ് മെയ്യുപ്പന് തന്റെ സ്വന്തം ടീമിനെ ഉപയോഗിച്ച് വാതുവെപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്. പോലീസ് കസ്റ്റഡിയിലായിരുന്ന മെയ്യപ്പനെ കഴിഞ്ഞ ദിവസം മുംബൈ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.