പ്രശ്‌നം തീര്‍ക്കാന്‍ ആന്റണി; സോണിയയെ കണ്ടു
ദില്ലി: കേരളത്തിലെ മന്ത്രിസഭാ പുനസംഘടനക്കാര്യത്തില്‍ കേന്ദ്രമന്ത്രി എകെ ആന്റണി ഇടപെടുന്നു. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്ന രൂക്ഷമായ ഗ്രൂപ്പ് കലഹം പരിഹരിക്കാനാണ് ആന്റണിയുടെ ഇടപെടല്‍. പരിഹാരനിര്‍ദ്ദേശങ്ങളുമായി ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
സോണിയയുടെ വസതിയില്‍ച്ചെന്നാണ് ആന്റണി അവരെ കണ്ടത്, ചര്‍ച്ച ഇരുപത് മിനിറ്റോളം നീണ്ടു. കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായും ഫോണില്‍ സംസാരിച്ചശേഷമാണ് ആന്റണി സോണിയയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.

ആന്റണിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്. ആഭ്യന്തരം വിട്ടുനല്‍കില്ലെന്ന് ഉമ്മന്‍ചാണ്ടിയും ആഭ്യന്തരവകുപ്പില്ലെങ്കില്‍ മന്ത്രിസഭയിലേയ്ക്കില്ലെന്ന് രമേശ് ചെന്നിത്തലയും ആവര്‍ത്തിക്കുകയാണ്.
പ്രശ്‌നപരിഹാരത്തിനായി ആന്റണി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സോണിയയെ കണ്ട് പുറത്തിറങ്ങിയ ആന്റണി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മന്ത്രിസഭാ പുനസംഘടനക്കാര്യത്തില്‍ ആന്റണിയുമായി ആലോചിച്ചശേഷമായിരിക്കും ഹൈക്കമാന്റ് തീരുമാനമെടുക്കുകയെന്ന് കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ആന്റണി ഇടപെടുന്നതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications