കോച്ചിന് വൃത്തിയില്ലെങ്കില്‍ എസ്എംഎസ് ചെയ്യാം
ദില്ലി: തീവണ്ടിയാത്രക്കിടെ കോച്ചുകള്‍ വൃത്തികേടായിക്കിടക്കുന്നുണ്ടെങ്കില്‍ എസ്എംഎസായി പരാതി അയയ്ക്കാനുള്ള സംവിധാനം റെയില്‍വേ ഒരുക്കുന്നു. കോച്ചുകളിലെ ഹൗസ് കീപ്പിങ് സേവനങ്ങള്‍ തൃപ്തികരമാണെന്ന് ഉറപ്പുവരുത്താനും തീവണ്ടിയാത്ര വൃത്തിയുള്ള സാഹചര്യത്തിലാണെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് റെയില്‍വേയുടെ പുതിയ സംവിധാനം.
ഓണ്‍സൈറ്റ് പാസഞ്ചര്‍ കംപ്‌ളെയിന്റ് റീഡ്രസ്സല്‍ സിസ്റ്റം (ഒപിസിആര്‍എസ്) എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പദ്ധതി 201314 ബജറ്റില്‍ റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ഏതാനും തീവണ്ടികളിലായിരിക്കും എസ്എംഎസ് പരാതി സംവിധാനം നടപ്പാക്കുക. ഒരു എസ്എംഎസ് അയച്ചാല്‍ തീവണ്ടിയിലുള്ള ജീവനക്കാരുടെ പ്രതികരണം ഉടന്‍ ലഭിയ്ക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

യാത്രക്കാര്‍ അയയ്ക്കുന്ന സന്ദേശം ജിഎസ്എം നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ഒപിസിആര്‍എസിലേക്കാണ് റജിസ്റ്റര്‍ ചെയ്യപ്പെടുക. പിന്നീട് ജിഎസ്എം വഴി മൊബൈലിന്റെ ലൊക്കേഷന്‍ കണ്ടെത്തി അതേ തീവണ്ടിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലേയ്ക്ക് സന്ദേശം ലഭ്യമാക്കും.
കോച്ചുകളുടെ ഉള്‍വശം, കക്കൂസുകള്‍ എന്നിവ വൃത്തിഹീനമാണെങ്കില്‍ ഉടന്‍തന്നെ എസ്എംഎസ് ആയോ ഫോണ്‍ കോളിലൂടെയോ യാത്രക്കാര്‍ക്ക് പരാതി നല്‍കാം. മുംബൈ രാജധാനി എക്‌സ്പ്രസിലോ ബാംഗ്ലൂര്‍ രാജധാനി എക്‌സ്പ്രസിലോ ആയിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുക. ആളുകള്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമുള്ള ഒരു മൂന്നക്ക നമ്പര്‍ റെയില്‍വേ ടെലികമ്യൂണിക്കേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications