ശ്രീശാന്ത്; സുധാകരനും തരൂരിനും ഭിന്നസ്വരം
കണ്ണൂര്‍: മലയാളി താരം എസ് ശ്രീശാന്തിന്റെ ഒത്തുകളി ബന്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് എം പി മാരായ കെ സുധാകരനും ശശി തരൂരിനും വ്യത്യസ്ത നിലപാട്. മന്ത്രി എന്ന നിലയില്‍ തനിക്ക് ശ്രീശാന്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ല എന്നാണ് കേന്ദ്രമന്ത്രി ശശി തരൂരിന്റെ അഭിപ്രായമെങ്കില്‍ ശ്രീശാന്തിനെതിരായ നടപടി അന്വേഷണ വിധേയമാക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിരിക്കുകയാണ് സുധാകരന്‍ എം പി.
കൂട്ടുപ്രതികളായ വിന്‍ധു ധാരാസിംഗിനും മെയ്യപ്പനും ജാമ്യം ലഭിച്ചിട്ടും ശ്രീശാന്തിനെ തടവില്‍ പാര്‍പ്പിക്കുന്നതാണ് സുധാകരന്‍ എം പി യെ ചൊടിപ്പിച്ചത്. ക്രിക്കറ്റ് ലോകം മലയാളിയായ ശ്രീശാന്തിനെതിരെ ഗൂഡാലോചന നടത്തുകയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയ നിയമം അംഗീകാരമില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനാവില്ല. ഇതിന് ഇന്ത്യയിലെ ഫെഡറല്‍ സംവിധാനം അനുവദിക്കുന്നില്ലെന്നും നിവേദനം പറയുന്നു.
അതേസമയം ഐ പി എല്ലുമായി ബന്ധപ്പെട്ട് ഇനിയൊരു വിവാദത്തിനില്ല എന്ന് തീരുമാനിച്ചുറച്ച പോലെയായിരുന്നു കേന്ദ്രമന്ത്രി ശശി തരൂരിന്റെ വാക്കുകള്‍. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിത്. ഇക്കാര്യത്തില്‍ തനിക്ക് അഭിപ്രായം പറയാനില്ല. മന്ത്രിയെന്ന നിലയില്‍ തനിക്ക് ഇതിലൊന്നും ചെയ്യാനാകില്ല.
ശ്രീശാന്തിനെതിരെ മക്കോക ചുമത്തിയതിനെക്കുറിച്ചും ശശി തരൂര്‍ അഭിപ്രായം പറയാന്‍ തയ്യാറായിലല്ല. ഇതിലെ ശരിതെറ്റുകള്‍ കോടതിയാണ് തീരുമാനിക്കേണ്ടത്. ശ്രീശാന്തിന് നീതി നിഷേധിക്കപ്പെട്ടു എന്ന് അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു. നേരത്തെ ഐ പി എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് ടീമുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായിരുന്നു.












Click it and Unblock the Notifications