6മാസമെങ്കിലും പ്രധാനമന്ത്രി ആകാന്‍ മോഹിച്ച അദ്വാനി
ദില്ലി: ആറ് മാസമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തിരിക്കണമെന്ന് എല്‍ കെ അദ്വാനി ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. മൂന്ന് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അദ്വാനി പാര്‍ട്ടിക്ക് മുന്നില്‍ വെച്ചിരുന്നു എന്നും ഇവ നിരസിക്കപ്പെട്ടതോടെയാണ് അദ്വാനി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചത്. ഞായറാഴ്ച തന്നെ അദ്വാനി രാജിക്കത്ത് തയ്യാറാക്കിയിരുന്നതായും മിഡ് ഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് രാജിക്കാര്യം അറിയിച്ചുകൊണ്ട് അദ്വാനി കത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് സമര്‍പ്പിച്ചത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ ഉയര്‍ത്തിക്കാട്ടണം എന്നായിരുന്നു അദ്വാനിയുടെ ആവശ്യം. ആറ് മാസമെങ്കിലും പ്രധാനമന്ത്രിയായിരിക്കാന്‍ തന്നെ അനുവദിക്കണമെന്നും അതിനുശേഷം മറ്റാരെയെങ്കിലും പ്രധാനമന്ത്രിയാക്കാം എന്നും അദ്വാനി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ല.

നരേന്ദ്രമോഡിയെ കണ്‍വീനറാക്കിയാല്‍ മതി, തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കരുത് എന്നും അദ്വാനി ആവശ്യപ്പെട്ടു. അഥവാ മോഡിയെ തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിച്ചാലും മോഡി തന്റെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്വാനി നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയിലെ ഒന്നാമന്‍ താനായിരിക്കണം എന്ന് ഉറപ്പിക്കുകയായിരുന്നു അദ്വാനിയുടെ ഉദ്ദേശം എന്നുറപ്പ്. എന്നാല്‍ ഈ മൂന്ന് നിര്‍ദ്ദേശങ്ങളും പാര്‍ട്ടി തള്ളി. ഇതോടെയാണ് അദ്വാനി സ്ഥാനമാനങ്ങള്‍ രാജിവെക്കാനുള്ള കടുത്ത തീരുമാനത്തിലെത്തിയത്.
പാര്‍ട്ടിയിലെ നേതാക്കള്‍ സ്വന്തം അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു തന്റെ രാജിക്കത്തില്‍ അദ്വാനി കുറ്റപ്പെടുത്തിയത്. എന്നാല്‍ എണ്‍പത്തിയഞ്ചാം വയസ്സിലും അദ്വാനിക്ക് വേണ്ടതും മറ്റൊന്നായിരുന്നില്ല എന്നതാണ് ഇതിലെ രസകരമായ വസ്തുത.












Click it and Unblock the Notifications