വിദ്യാര്‍ത്ഥികളെ പിഴിഞ്ഞ് സ്വാശ്രയ മെഡി.കോളേജുകള്‍
ചെന്നൈ: തമിഴ്‌നാട്ടിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നിയമം മറികടന്ന് വിദ്യാര്‍ത്ഥികളെ പകല്‍ക്കൊള്ള നടത്തുന്നു. അംഗീകൃത ഫീസിന് പകരം മൂന്നും നാലും ഇരട്ടി ഇവര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നതായി ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണക്കാരന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങളുടെ ചിറകരിയുന്നതാണ് തമിഴനാട്ടിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ നടപടി. കേരളത്തില്‍ നിന്ന് നിരവധി പേരാണ് ഓരോവര്‍ഷവും മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി തമിഴ്‌നാടിനെ ആശ്രയിക്കുന്നത്.

45 ലക്ഷം മുതല്‍ 80 ലക്ഷം വരെയാണ് പല മെഡിക്കല്‍ കോളേജുകളിലേയും ക്യാപിറ്റേഷന്‍ ഫീസ്. വാര്‍ഷിക ഫീസ് അഞ്ചര ലക്ഷം മുതല്‍ ഒമ്പത് ലക്ഷം വരേയും.
എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച തമിഴ്‌നാട്ടില്‍ വ്യക്തമായ നിയമുണ്ട്. ജസ്റ്റിസ് ബാലസുബ്രഹ്മണ്യന്‍ കമ്മിറ്റി കഴിഞ്ഞ വര്‍ഷം സ്വാശ്രയ കോളേജുകളിലെ വാര്‍ഷിക ഫീസ് എത്രയെന്ന് നിശ്ചയിച്ചിട്ടുണ്ടായിരുന്നു. രണ്ടര ലക്ഷം രൂപ മാത്രമായിരുന്നു അത്. ഈ വര്‍ഷം പതിനായിരം രൂപ വര്‍ദ്ധിപ്പിച്ച് രണ്ട് ലക്ഷത്തി അറുപതിനായിരം ആക്കി. ഈ സാഹചര്യത്തിലാണ് കോളേജുകള്‍ ഇഷ്ടപ്രകാരം ഫീസ് വാങ്ങി രക്ഷിതാക്കളുടെ നടുവൊടിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് വെറും പതിനായിരം രൂപ മാത്രമാണെന്നോര്‍ക്കണം. സര്‍ക്കാര്‍ കോളേജുകളില്‍ നാല് വര്‍ഷം മാത്രം ഫീസ് അടച്ചാല്‍ മതി. അവസാന വര്‍ഷം ഹൗസ് സര്‍ജന്‍സി സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ആയി ഒരു തുക നല്‍കുകയും ചെയ്യും. എന്നാല്‍ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ അഞ്ച് വര്‍ഷവും ഫീസ് അടക്കേണ്ട ഗതികേടാണ്.
സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലും മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുകയാണ്. നിര്‍ദ്ദേശിച്ച ഫീസിന് പുറമെ മറ്റിനങ്ങളിലായി വലിയൊരു തുക എല്ലാവര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് ചെലവഴിക്കേണ്ടി വരും.
ബാങ്ക് ലോണ്‍ എടുക്കുന്ന സമയത്താണ് മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരിക. പ്രോസ്‌പെക്റ്റസ് പ്രകാരം രണ്ട് ലക്ഷത്തി അറുപതിനായിരം മാത്രമായിരിക്കും ഫീസ്. ഈ തുകക്ക് മാത്രമേ ബാങ്ക് ലോണ്‍ കിട്ടുകയും ഉള്ളൂ. അപ്പോള്‍ ബാക്കി തുക മറ്റേതെങ്കിലും വിധത്തില്‍ രക്ഷിതാക്കള്‍ സംഘടിപ്പിക്കേണ്ടി വരും. പലരും പേഴ്‌സണല്‍ ലോണ്‍ എടുത്തോ വസ്തുവകകള്‍ പണയപ്പെടുത്തിയോ കൊള്ളപ്പലിശക്ക് കടമെടുത്തോ ഒക്കെയാണ് ഓരോ വര്‍ഷവും വേണ്ടി വരുന്ന ബാക്കി തുക കണ്ടെത്തുന്നത്. ഇത് ഇത്തരം കുടുംബങ്ങില്‍ വലിയ സാന്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുക.
എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ഒരു പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് 100 കോടി രൂപയെങ്കിലും വേണം. പിന്നീട് അതിന്റെ നടത്തിന് പ്രതിമാസം രണ്ടര കോടി രൂപയോളം ചെലവ് വേറെയും വരും. ഈ തുക ഉണ്ടാക്കാന്‍ ഫീസ് കൂടുതല്‍ വാങ്ങാതെ നിവൃത്തിയില്ലെന്നാണ് മാനേജ്‌മെന്റുകളുടെ വാദം.












Click it and Unblock the Notifications