സോളാര്‍: വിവാദങ്ങള്‍ക്കില്ലെന്ന് ശാലുമേനോന്‍
കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സിനിമാ - സീരിയല്‍ നടി ശാലുമേനോന്‍. സോളാര്‍ തട്ടിപ്പുകേസില്‍ തനിക്ക് യാതൊരു ബന്ധവും ഇല്ല. ബിജു രാധാകൃഷ്ണന്‍ ഒരു ക്രിമിനല്‍ ആണെന്ന് അറിയാതെയാണ് അയാളുമായി ബന്ധപ്പെട്ടിരുന്നതെന്നും നടി പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. തട്ടിപ്പുകേസുമായി തന്നെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. തനിക്കെതിരെ തെളിവുകളും ഇല്ല. സത്യത്തിന് നിരക്കാത്തതൊന്നും താനും കുടുംബവും ചെയ്തിട്ടില്ല - നടി ആവര്‍ത്തിച്ചു. സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോന് പങ്കുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് അടക്കമുളളവര്‍ ആരോപിച്ചിരുന്നു.

അതേസമയം സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ശാലുമേനോനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. മല്ലപ്പള്ളിയിലെ ശാലുമേനോന്റെ നാട്യഗൃഹത്തിനും വീടിനും സമീപത്ത് ധാരാളം ആളുകള്‍ തടിച്ചുകൂടുന്നുണ്ട്. എന്നാല്‍ ശാലുമേനോനെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
ശാലു മേനോന്റെ വീട്ടില്‍ താന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ ശാലു മേനോനും പ്രതിയാണ് എന്നും ഇവര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ട്.












Click it and Unblock the Notifications