വ്യാപാരിയുടെ മരണം: പോലീസ് പീഡനമെന്ന് കുറിപ്പ്
ബാംഗ്ളൂര്‍: പൂനെ സ്വദേശിയായ വ്യാപാരി റിപണ്‍ മല്‍ഹോത്രയുടെ ആത്മഹത്യ പോലീസ് പീഡനത്തെ തുടര്‍ന്നെന്ന് സൂചന. മല്‍ഹോത്രയുടെ ആത്മഹത്യാ കുറിപ്പില്‍ ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ഉണ്ട്.
പണത്തിന് വേണ്ടി, യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചു എന്നാണ് ആത്മഹത്യാകുറിപ്പില്‍ ഉള്ളത്. എന്നാല്‍ നിക്ഷേപകരെ വഞ്ചിച്ച കേസില്‍ മല്‍ഹോത്ര പോലീസിന്റെ സാമ്പത്തിക അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പലതവണ ഇയാളെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം താക്കീത് ചെയ്തിരുന്നെന്നും പോലീസ് പറയുന്നു. 2007 ല്‍ ഒരുതവണ മല്‍ഹോത്രയേയും ഭാര്യയേയും പോലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നെന്നും അധികൃതര്‍ അറിയിച്ചു.
ബാംഗ്ലൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് മേധാവിയും ചേര്‍ന്നാണ് പണം ആവശ്യപ്പെട്ടതെന്ന് മല്‍ഹോത്ര ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് മേധാവി ദേവരാജ് ഏഴുകോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരും വളരെ മോശമായി പെരുമാറി തുടങ്ങിയ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
എന്നാല്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ചു. റിപണ്‍ മല്‍ഹോത്രയെ താന്‍ കണ്ടിട്ടുപോലുമില്ല എന്നാണ് ജ്യോതി പ്രകാശ് മിര്‍ജി പറഞ്ഞത്.












Click it and Unblock the Notifications