മേല്‍ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവ് മരിച്ചു
ധര്‍മപുരി: തമിഴ് നാട്ടില്‍ ഏറെ വിവാദം സൃഷ്ടിച്ച വിവാഹ വിവാദത്തിനൊടുവില്‍ കീഴ്ജാതിക്കാരനായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നായ്ക്കന്‍കോട്ടൈ നാഥം കോളനിയിലെ ഇളവരശനെയാണ് റെയില്‍വേ ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

2012 നവംബര്‍ മാസത്തിലാണ് മേല്‍ജാതിക്കാരിയായ യുവതിയെ ഇളവരശന്‍ വിവാഹം കഴിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്തെ മൂന്ന് ഗ്രാമങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയ യുവതി ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിച്ചതായി ആരോപിച്ചിരുന്നു.
ഇനി തിരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്കില്ല എന്ന് യുവതി പറഞ്ഞതിന്റെ തൊട്ടുത്ത ദിവസമാണ് ഇളവരശന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ നായ്ക്കന്‍കോട്ടെയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഗ്രാമത്തിലേക്കുള്ള ബസ് സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഇപ്പോള്‍ ഇളവരശന്റെ മൃതദേഹം ഉള്ളത്. ഇളവരശനെ കൊലപ്പെടുത്തിയതാണെന്നാരോപിച്ച നാട്ടുകാര്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘടിച്ച് റോഡ് തടസ്സപ്പെടുത്തി.
വിവാദങ്ങള്‍ക്കും സാമുദായിക കലാപത്തിലേക്കും എത്തിയ വിവാഹം പെണ്‍കുട്ടിയുടെ പിതാവിന്റെ ആത്മഹത്യക്കും വഴിവെച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ ഹിയറിങ്ങിനിടെയാണ് തനിക്ക് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോകേണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞത്. അമ്മക്കൊപ്പം താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഭര്‍തൃവീട്ടിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ സഹിക്കാനാകുന്നില്ലെന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോടതില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications