ശാലുമേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടിയും നര്‍ത്തകിയുമായ ശാലു മേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലു മേനോനും പങ്കുണ്ട് എന്ന പൊതു താല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. ശലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു.
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ അനുവദിച്ച സംഭവത്തില്‍ ശാലുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്്. ഹര്‍ജി പരിഗണിച്ച കോടതിയുടെ ഉത്തരവു പ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് എടുത്തത്.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതിക്ക് രക്ഷപ്പെടാന്‍ സൗകര്യം ചെയ്തു കൊടുത്ത നടിയെ അറസ്റ്റ് ചെയ്യാത്തത് ആഭ്യന്തരമന്ത്രി തിരുഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അവരുടെ ബന്ധം കൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സരിത പിടിക്കപ്പെട്ട ദിവസം ശാലുവിന്റെ ഫോണുമായാണ് ബിജു തൃശ്ശൂര്‍ വിട്ടത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ശാലുവിനെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications