ബാംഗ്ലൂരിലെ രാത്രിവിരുന്നുകള്ക്ക് നിയന്ത്രണം വരും
ബാറുകളിലും പബ്ബുകളിലും സ്ത്രീകള്‍ അല്പവസ്ത്രധാരികളായി ജോലിചെയ്യുന്നതും നൃത്തം വെയ്ക്കുന്നതുമുള്പ്പെയുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. ബാറുകളിലും മറ്റും മദ്യം വിളമ്പാന്‍ മാത്രമാണ് ബാര്‍ ഗേള്‍സിന് അനുമതി, സന്ദര്‍ശകര്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ ഇവര്‍ക്ക് അനുമതിയില്ല. എന്നാല്‍ പലയിടങ്ങളിലും ഇത് നടക്കുന്നുണ്ടെന്നുള്ളതാണ് സത്യം.
മാത്രമല്ല ബാറില്‍ ജോലിചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക് 21 വയസ് പൂര്‍ത്തിയാകേണ്ടതുണ്ട്, പക്ഷേ പലയിടങ്ങളിലും പതിനേഴും പതിനെട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ജോലിചെയ്യുന്നുണ്ട്. ബാറുകള്‍ക്കും പബുകള്ക്കുമെന്നപോലെ നഗരത്തില്‍ വ്യാപകമാകുന്ന മസാജ് പാര്‍ലറുകളെയും പുതിയ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരുമെന്നാണ് സൂചന.
കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് നിശാവിരുന്നുകള്ക്ക് വിലക്കുകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉദാരമായ സമീപനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും സംസ്കാരവും സദാചാരവും കാറ്റില്‍പ്പറത്തുന്ന രീതിയിലുള്ള രാത്രിവിരുന്നുകള് വേണ്ടെന്നുതന്നെയാണ് കോണ്‍ഗ്രസ് സര്‍ക്കാറും പറയുന്നത്.
രാത്രിജീവിതത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി നഗരത്തിലെ ബാറുകളിലും പബ്ബുകളിലും പൊലീസ് റെയ്ഡ് വ്യാപകമായിട്ടുണ്ട്.
ഇപ്പോള്‍ രാത്രി വിരുന്നുകള്‍ക്ക് അനുവദനീയമായ സമയം പതിനൊന്നരമണിയാണ്. ബിജെപി സര്‍ക്കാറാണ് സമയപരിധി പതിനൊന്നരയാക്കി മാറ്റിയത്. ഈ സമയപരിധി 1മണി വരെയാക്കണമെന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി, ഇതിനിടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.