ലോകത്തെ ഞെട്ടിച്ച് ചൈനയുടെ 100 മെഗാപിക്‌സല്‍
ബീജിങ്: ഓരോ വര്‍ഷം കഴിയും തോറും സാങ്കേതിക രംഗത്ത് ചൈന വന്‍ മുന്നേറ്റങ്ങളാണ് ഉണ്ടാക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 100 മെഗാപിക്‌സല്‍ ക്യാമറ.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഒപ്റ്റിക്‌സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പുതിയ ക്യാമറയുടെ ഉപജ്ഞാതാക്കള്‍. ഐഒഇ3-കാന്‍ബന്‍ എന്നാണ് ക്യാമറയുടെ പേര്.
ഏരിയല്‍ മാപ്പിങിനും, ദുരന്ത നിവാരണത്തിനും ഇന്റലിജെന്റ് ട്രോന്‍സ്‌പോര്‍ട്ടേഷനും 100 മെഗാ പിക്‌സല്‍ ക്യാമറ തരുന്ന ദൃശ്യങ്ങള്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയില്‍ ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന പിക്‌സല്‍ ക്യാമറയാണിത്. 10,240*10,240 പിക്‌സല്‍ ഉള്ള ദൃശ്യങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ക്യാമറക്ക് കഴിയും.
പിക്‌സലിന്റെ വലിപ്പം മാത്രമേ കൂടുതലുള്ളൂ. ക്യാമറ താരതമ്യേന ചെറുതാണ്. ഏറ്റവും വീതി കൂടിയ ഭാഗം തന്നെ 19.3 സെന്റി മീറ്ററേ വരൂ. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപ നിലയില്‍ ഈ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.
ഏറ്റവും പുതിയ ഒപ്റ്റിക്കല്‍ സംവിധാനങ്ങളാണ് ഈ ക്യാമറയില്‍ ഉള്ളത്. അടുത്തിടെ നടന്ന റിമോട്ട് സെന്‍സിങില്‍ ഈ ക്യാമറ വിജയകരമായി പരീക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇതിന് മുമ്പ് ചൈന 80 മെഗാപിക്‌സല്‍ ക്യാമറ ഉണ്ടാക്കി ലോകത്തെ ഞെട്ടിച്ചിരുന്നു. അത് ചൈനയുടെ പത്താം പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു(2001-2005). പുതിയ 100 മെഗ പിക്‌സല്‍ ക്യാമറ വികസിപ്പിച്ചെടുക്കാന്‍ രണ്ട് വര്‍ഷമാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ സാങ്കേതിക വിദഗ്ധര്‍ എടുത്തത്.












Click it and Unblock the Notifications