കോണ്‍ഗ്രസിന്റെ ചതിയില്‍പെടരുതെന്ന് മോഡിക്ക് ഉപദേശം
ദില്ലി: കോണ്‍ഗ്രസ്സ് ഒരുക്കുന്ന ചതിക്കുഴികളില്‍ ചെന്ന് ചാടിക്കൊടുക്കരുതെന്ന് മോഡിക്ക് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ഉപദേശം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും വികസനവും മാത്രം തത്കാലം പ്രചാരണ വിഷയങ്ങള്‍ ആക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം റോയ്‌റ്റേഴസിന് നല്‍കിയ അഭിമുഖം വിവാദമായ സാഹചര്യത്തിലാണ് ഇത്. മോഡി പറഞ്ഞതിനെ മാധ്യമങ്ങളും മറ്റ് പാര്‍ട്ടികളും വളച്ചൊടിക്കുകയായിരുന്നുവെന്ന് ബിജെപിക്ക് ഉത്തമ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഒറ്റക്കെട്ടായിട്ടാണ് വിവാദത്തെ നേരിട്ടത്.
ഗുജറാത്ത് കലാപത്തില്‍ പശ്ചാത്തപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോഡി നല്‍കിയ മറുപടിയായിരുന്നു വിവാദമായത്. നമ്മുടെ കാറിനടിയില്‍ ഒരു നായക്കുട്ടി പെട്ടാല്‍ ദു:ഖമുണ്ടാകില്ലെ.. എന്ന രീതിയിലായിരുന്നു മോഡി മറുപടി പറഞ്ഞത്. ഉടന്‍ തന്നെ മോഡി മുസ്ലീങ്ങളെ നായക്കുട്ടിയോട് ഉപമിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡും എല്ലാം രംഗത്ത് വന്നു.

കഴിഞ്ഞ രണ്ട് പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം യുവാക്കളും മധ്യവര്‍ഗ്ഗവും ബിജെപിയോട് കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന സമയമാണിതെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. സാമ്പത്തികമായ കാര്യങ്ങളിലും വികസനത്തിന്റെ കാര്യത്തിലും മോഡിക്ക് നല്ല പിന്തുണ യുവാക്കളില്‍ നിന്നും മധ്യവര്‍ഗ്ഗത്തില്‍ നിന്നും കിട്ടുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ഇത്തരമൊരു സാഹചര്യത്തില്‍ കാര്യങ്ങള്‍ വര്‍ഗ്ഗീയ വത്കരിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ്സിന്റെ പ്രചാരണം തിരിച്ചടിയാകുമോ എന്നും ബിജെപി ഭയക്കുന്നുണ്ട്.
അതുകൊണ്ടാണ് വര്‍ഗ്ഗീയവത്കരിക്കാന്‍ സാധ്യതയുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മോഡിയെ തളക്കാന്‍ ഏറ്റവും പറ്റിയത് വര്‍ഗ്ഗീയ കാര്‍ഡും, ഗുജറാത്ത് കലാപവും, ഇഷ്രത്ത് ജഹാന്‍ കേസുമൊക്കെയാണെന്ന് കോണ്‍ഗ്രസ്സിന് നല്ല ബോധ്യവുമുണ്ട്. അതുകൊണ്ട് ത്‌നനെ മോഡിയില്‍ നിന്ന് ഇത്തരത്തില്‍ എന്ത് കിട്ടിയാലും കോണ്‍ഗ്രസ്സ് വളച്ചൊടിക്കും.
നായക്കുട്ടി പ്രയോഗത്തിനൊപ്പം ദേശീയ ഹിന്ദു എന്ന സ്വയം വിശേഷണവും മോഡിക്ക് വിനയായിട്ടുണ്ട്.












Click it and Unblock the Notifications