ഭൂട്ടാനില്‍ പ്രതിപക്ഷത്തിന് വിജയം
തിംഫു: ഭൂട്ടാന്റെ രണ്ടാം ദേശീയ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (പിഡിപി) വിജയം. 32 സീറ്റുകള്‍ സ്വന്തമാക്കിയാണ് പിഡിപി അധികാരത്തിലെത്തുന്നത്. ഭരണകക്ഷിയായിരുന്ന ധ്രുക് ഫ്യുന്‍സം ഷോഗ്പ(ഡിപിടി)ക്ക് 15 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. ഇതോടെ 47 സീറ്റുകളുള്ള നാഷണല്‍ അസംബ്ലിയില്‍ പിഡിപിക്ക് വ്യക്തമായ ഭൂരിപക്ഷമായി.

ഭൂട്ടാനില്‍ രണ്ടാം തവണ നടക്കുന്ന ജനകീയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ആദ്യതവണ ഡിപിടി മൃഗീയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. 47 സീറ്റില്‍ 45 എണ്ണവും ഡിപിടിക്കായിരുന്നു. പിഡിപി അന്ന് രണ്ട് സീറ്റുകളില്‍ ഒതുങ്ങിപ്പോയി. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് അസംബ്ലിയിലെ സീറ്റുകള്‍ 30 എണ്ണം കൂട്ടി പിഡിപി അധികാരത്തിലെത്തുകയായിരുന്നു.
നാഷണല്‍ അസംബ്ലിയില്‍ 24 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം. പിഡിപിയുടെ പ്രസിഡന്റ് ഷെറിങ് തോബ്‌ഗെ പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. പാചക വാതകത്തിനും മണ്ണെണ്ണക്കും ഉള്ള സബ്‌സിഡി ഇന്ത്യ പിന്‍വലിച്ചതായിരുന്നു ഭൂട്ടാന്‍ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം. എന്നാല്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.
80 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇന്ത്യ നല്‍കിയ 1935 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്തായിരുന്നു ഭൂട്ടാനിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍.












Click it and Unblock the Notifications