രാമക്ഷേത്രം തന്നെ ബിജെപിയുടെ അജണ്ട
നാഗ്പൂര്‍: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ അജണ്ട അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തന്നെയായിരിക്കുമെന്ന് ഉറപ്പായി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനും ഗുജറാത്ത് മുഖ്യമന്ത്രിയും ആയ നരേന്ദ്ര മോഡിക്ക് ഇക്കാര്യത്തില്‍ ആര്‍ എഎസ്എസ്സിന്റെ സമ്മതവും കിട്ടിക്കഴിഞ്ഞു.
2013 ജൂലായ് 16 നാണ് മോഡി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ച രണ്ടര മണിക്കൂര്‍ നീണ്ടു. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയില്‍ മറ്റാരെയും പങ്കെടുപ്പിച്ചില്ല എന്നതും ശ്രദ്ധേയമായി.

രാമക്ഷേത്ര നിര്‍മാണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ, വികസന അജണ്ടയുമായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഭാഗവത് മോഡിയോട് ആവശ്യപ്പെട്ടതെന്നറിയുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പിന്തുണക്കുമെന്നും ഭാഗവത് പറഞ്ഞു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെ ബിജെപിയുടെ മുഖ്യ അജണ്ടകളില്‍ ഒന്ന് തന്നെയായിരുന്നു രാമക്ഷേത്ര നിര്‍മാണം. ചിലപ്പോള്‍ മൃദുവായും പലപ്പോഴും ശക്തമായും രാമക്ഷേത്ര നിര്‍മ്മാണം അവര്‍ ഉന്നയിച്ചുപോരുന്നു.
രാജ്യത്ത് വലിയ സാമുദായിക ധ്രുവീകരണത്തിന് വഴിവെച്ച ബാബറി മസ്ജിദ് പ്രശ്‌നം വീണ്ടും വീണ്ടും ഉന്നയിക്കുമ്പോള്‍ അത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദത്തെ ഏത് തരത്തില്‍ ബാധിക്കുമെന്ന് ഉറപ്പാണ്. രാജ്യത്ത് മുസ്ലീങ്ങള്‍ സുരക്ഷിതരല്ല എന്ന് പ്രചരിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ശക്തിപകരാനെ ബിജെപിയുടെ ഈ തിരഞ്ഞെടുപ്പ് അജണ്ട ഉപകരിക്കൂ.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വികസനത്തിനപ്പുറം രാമക്ഷേത്ര നിര്‍മ്മാണം എന്ന അജണ്ടക്ക് ബിജെപി മുന്‍തൂക്കം നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കേണ്ടി വരും. നരേന്ദ്ര മോഡിയെ പോലെ തീവ്ര നിലപാടുകളെടുക്കുന്ന ഒരാള്‍ ബിജെപിയുടെ നേതൃത്വത്തിലെത്തുകയും ആര്‍എസ്എസ് അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെ സംഭവിക്കും.
ഇന്ത്യന്‍ സമൂഹത്തില്‍ മറ്റെന്തിനേക്കാളും സ്വാധീനം മതത്തിനാണെന്ന് മോഡിക്ക് ഉത്തമ വിശ്വാസമുണ്ട്. അപ്പോള്‍ രാമക്ഷേത്രമെന്ന വികാരം ആളിക്കത്തിച്ച് ആളെക്കൂട്ടാനാകുമെന്ന് മോഡി പ്രതീക്ഷിക്കുന്നു. കൂടാതെ കോണ്‍ഗ്രസിന്റെ മുസ്ലീം പ്രീണനങ്ങളെ ഫലവത്തായി പ്രചാരണത്തിനുപയോഗിച്ചാല്‍ ഭരണം കയ്യിലെത്തുമെന്നും മോഡി കണക്കുകൂട്ടുന്നു.












Click it and Unblock the Notifications