മോഡി രാജ്യം അംഗീകരിക്കുന്ന ഏക നേതാവ്: രാജ്‌നാഥ്
ന്യൂയോര്‍ക്ക്: സഖ്യകക്ഷികള്‍ ആരൊക്കെ എതിര്‍ത്താലും സാക്ഷാല്‍ അദ്വാനി തന്നെ മുഖം തിരിച്ചാലും ബി ജെ പിക്ക് നരേന്ദ്രമോഡിയെ വിട്ടൊരു കളിയില്ല. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് മോഡിയെ പുകഴ്ത്തി ഈ സൂചനകള്‍ നല്‍കിയത്. ഇന്ത്യയില്‍ മുഴുവന്‍ അംഗീകാരമുളള ഏക രാഷ്ട്രീയനേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെന്നായിരുന്നു രാജ്‌നാഥിന്റെ അഭിപ്രായം.
ജനകീയനായ നേതാവാണ് മോഡി. ഗുജറാത്തില്‍ മാത്രമല്ല, തമിഴ് നാട്ടിലും ആന്ധ്ര പ്രദേശിലും ഉത്തര്‍ പ്രദേശിലും ബിഹാറിലും ക്രൗഡ് പുള്ളറാണ് അദ്ദേഹം. വടക്ക് മുതല്‍ തെക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും ജനസമ്മതനായ ഏക നേതാവാണ് നരേന്ദ്രമോഡി. മോഡിയുടെ ജനപിന്തുണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും രാജ്‌നാഥ് സിംഗ് കണക്കുകൂട്ടുന്നു.

തിരഞ്ഞെടുപ്പിന് ഏഴ് മാസം മുന്‍പ് താന്‍ മോഡിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കി. അതില്‍ അസാധാരണമായി ഒന്നുമില്ല. മറ്റ് പാര്‍ട്ടികളും ജനകീയരായ നേതാക്കളെ ഇത്തരം ചുമതലകള്‍ ഏല്‍പ്പിക്കാറുണ്ട് എന്നും ഇത് മാത്രം വെറുടെ വിവാദമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാജ് നാഥ് നരേന്ദ്രമോഡിക്ക് അമേരിക്ക വിസ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിക്ക് താന്‍പോലും ഒരു എതിരാളിയാകില്ല എന്ന സൂചനയും തന്റെ വാര്‍ത്താസമ്മേളനത്തില്‍ രാജ്‌നാഥ് സിംഗ് നല്‍കി. പാര്‍ട്ടി പ്രസിഡണ്ട് പ്രധാനമന്ത്രിയാകണമെന്നോ നല്ലൊരു ക്രൗഡ് പുള്ളര്‍ ആയിരിക്കണം എന്നോ നിര്‍ബന്ധമില്ല. തനിക്ക് പാര്‍ട്ടിയില്‍ വേറെ ഉത്തരവാദിത്തങ്ങളുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കുക എന്നതാണത് - സഖ്യകക്ഷികള്‍ക്കും പാര്‍ട്ടിയിലെ ഭിന്നാഭിപ്രായക്കാര്‍ക്കും ഉറച്ച സന്ദേശം എന്നപോലെ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications