സൈബര്‍ യുദ്ധത്തിന്റെ ജാലകം തുറക്കാന്‍ കോണ്‍ഗ്രസ്
ദില്ലി: ഇന്റര്‍നെറ്റില്‍ നരേന്ദ്ര മോഡിയും ബിജെപിയും അവരുടെ ശക്തി തെളിയിച്ചുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസിനും വീണ്ടു വിചാരം. പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ഉണ്ടാക്കിയാണ് കോണ്‍ഗ്രസിന്റെ രംഗപ്രവേശനം.
'ഖിഡ്കി' എന്നാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ പേര്. കോണ്‍ഗ്രസ് വക്താക്കളില്‍ ഒരാളായ സന്ദീപ് ദീക്ഷിതിന്റെ മേല്‍നോട്ടത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാട് രാജ്യം മുഴുവന്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ദില്ലി ജവഹര്‍ ഭവനില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം പ്രതിനിധികളുടെ സമ്മേളനം 2013 ജൂലായ് 29 ന് നടക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍വെച്ച് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി 'ഖിഡ്കി' ഉദ്ഘാടനം ചെയ്യും.
ഓരോ സംസ്ഥാനത്ത് നിന്നും 10 നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സമ്മേളനം. യൂത്ത് കോണ്‍ഗ്രസിന്റേയും വിദ്യാര്‍ത്ഥി വിഭാഗത്തിന്റെയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുന്നു. സ്ഥിരമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും സമ്മേളനത്തിലുണ്ട്. സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ കേന്ദ്ര മന്ത്രിമാരായ ജയറാം രമേശും പ്രോഫ. കെവി തോമസും ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സിനെ കുറിച്ച് വിശദീകരിക്കും.സോഷ്യല്‍ മീഡിയകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച് പ്രതിനിധികള്‍ക്ക് പ്രത്യേക ക്ലാസ്സും നല്‍കും.
കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, ആനന്ദ് ശര്‍മ, ശശി തരൂര്‍ എന്നിവരും പങ്കെടുക്കും.ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കും പ്രതിനിധികള്‍ക്കായി പ്രത്യേക ക്ലാസ്സ് ഉണ്ടായിരിക്കും.
മൊബൈല്‍ ഫോണിലും ഉപയോഗിക്കാവുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഖിഡ്കി.












Click it and Unblock the Notifications