ഫെമിനിസ്റ്റിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
ലണ്ടന്‍: ഫെമിനിസ്റ്റിനെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 28 നാണ് സംഭവം നടക്കുന്നത്. ബ്രിട്ടനിലെ ഫെമിനിസ്റ്റും സ്ത്രീ സുരക്ഷിതത്ത്വത്തെപ്പറ്റി നിരന്തരം ക്യാംപയിനുകള്‍ നടത്തുകയും ചെയ്യുന്ന കരോലിനി ക്രിയാഡോ പെരസ് എന്ന യുവതിയെയാണ് ബലാത്സംഗം ചെയ്യുമെന്ന് യുവാവ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയത്. 21 കാരനായ യുവാവാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

പ്രശസ്ത നോവലിസ്റ്റ് ജയിന്‍ ഓസ്റ്റിന്റെ ചിത്രം ബ്രിട്ടനിലെ നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കരോലിന്‍ ക്രിയാഡോ പെരസ് നടത്തിയ പ്രചാരണങ്ങള്‍ ആണ് ബ്രിട്ടനില്‍ അവരെ പ്രശസ്തയാക്കിയത്. അവര്‍ നടത്തിയ ക്യാംപയിനിന്റെ ഫലമായി ഇംഗ്ളണ്ടിന്റെ 10 പൗണ്ടിന്റെ നോട്ട് ജയിന്‍ ഓസ്റ്റിന്റെ ചിത്രത്തോട് കൂടി തന്നെ പുറത്തിറക്കാമെന്ന് ഭരണകൂടം സമ്മതിച്ചു.
ബ്രിട്ടനില്‍ സ്ത്രീകള്‍ക്കെതിരെയും അല്ലാതെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മറ്റും നടത്തുന്ന ഭീഷണികള്‍ കൂടി വരികയാണ്. ഇത്തരത്തില്‍ ഒട്ടേറെ കേസുകളാണ് ബ്രിട്ടനില്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല രാഷ്ട്രീയ നേതാക്കള്‍ക്കും കായിക താരങ്ങള്‍ക്കും നേരെ ഇത്തരത്തില്‍ വ്യക്തിഹത്യകള്‍ നടക്കാറുണ്ട്. ഇന്ത്യയിലേയും ബ്രസീലിലേയും കൂട്ടബലാത്സംഗ കഥകള്‍ ലോകം മുഴുവന്‍ വാര്‍ത്തയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഒരു രൂപരേഖ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയിരുന്നു. 130 രാജ്യങ്ങള്‍ ഈ രൂപരേഖ അംഗീകരിച്ചു.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ക്രിയാഡോ പെരസിനുനേരെ വധഭീഷണിമുതല്‍ ബലാത്സംഗ ഭീഷണി വരെ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications