ഇടത് സമരത്തെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി
തിരുവനന്തപുരം: സോളാര്‍ അഴിമതികേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടത് മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം 2013 ആഗസ്റ്റ് 12 ന് തുടങ്ങും. കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ സമരമായിരിക്കും ഇതെന്ന് സിപിഎം നേതാക്കളും ഇടത് മുന്നണിയും പറയുന്നു. എന്നാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് സര്‍ക്കാരും.
സമരം തകര്‍ക്കാന്‍ ഏതറ്റം വരെ പോകാനും സര്‍ക്കാര്‍ തയ്യാറാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. സമരത്തെ നേരിയാന്‍ കേന്ദ്ര സേന തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. കൂടാതെ സംസ്ഥാനത്തെ പോലീസും കടുത്ത നടപടികള്‍ക്ക് തയ്യാറായി ഇരിക്കുകയാണ്.

സമരം തകര്‍ക്കാന്‍ തിരുവനന്തപുരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ട്. പോലീസ് ഇത് സംബന്ധിച്ച് എഡിഎമ്മിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലാകളക്ടറുടേതായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ കളക്ടറോട് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടേക്കും.
കേരളം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സമരം തന്നെയാകും സെക്രട്ടേറിയറ്റ് ഉപരോധമെന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ സമരം പൊളിക്കാന്‍ ജനാധിപത്യ വിരുദ്ധ നടപടികളെടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്. കേരള പോലീസിന്റെ മയം കേന്ദ്ര സേന സമരക്കാരോട് കാണിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സെക്രട്ടേറിയറ്റിന് മുന്‍വശം ചോരക്കളമാകാന്‍ സാധ്യത ഏറെയാണ്.
സര്‍ക്കാരും ഇടതുപക്ഷവും ഒരു പരിധി വരെ ഇത് ആഗ്രഹിക്കുന്നുന്നെണ്ടെന്നും വിശ്വസിക്കേണ്ടിവരും. സമരം അക്രമസാക്തമെന്ന് സര്‍ക്കാരിന് വിമര്‍ശനം ഉന്നയിക്കാം. സമരത്തെ സര്‍ക്കാര്‍ ക്രൂരമായി നേരിടുന്നു എന്ന് പറഞ്ഞ് ഇടത് പക്ഷത്തിന് ജനങ്ങളെ സമീപിക്കാനും സാധിക്കും.
എന്തായാലും സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന നടപടികള്‍ ഒരു ജനാധിപത്യ വ്യവസ്ഥക്ക് യോജിച്ചതല്ലെന്ന് പറയേണ്ടിവരും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചതുപോലെ, തീവ്രവാദികളെ നേരിടുന്നതിന് സമാനമായ ഒരുക്കങ്ങളാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. തലസ്ഥാനത്തെ ഹോട്ടലുകളില്‍ സമരക്കാര്‍ക്ക് താമസിക്കാന്‍ മുറികള്‍ കൊടുക്കരുതെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിത്തുടങ്ങി. സമരക്കാരെ താമസിപ്പിച്ചാല്‍ ഹോട്ടലുടമകളും നിയമനടപടി നേരിടേണ്ടിവരും എന്നാണ് പോലീസിന്റെ ഭീഷണി. ഇതിനെ ജനാധിപത്യവിരുദ്ധം എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല.
തിരവന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വ്വീസ് 20 ശതമാനം വെട്ടിക്കുറക്കാനും നിര്‍ദ്ദേശമുണ്ട്. സമരക്കാരെ അവര്‍ പുറപ്പെടുന്ന ജില്ലകളില്‍ വച്ച് തന്നെ തടയാനും അതത് ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സമരക്കാരുമായി വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അറിവ്. സമരത്തെ നേരിടാന്‍ ഉപയോഗിക്കേണ്ട് ആയുധങ്ങളുടെ കണക്ക് വരെ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ടത്രെ.
ഒരുലക്ഷം പേരെ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നാണ് ഇടത് മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎമ്മിനേയും ഇടത് മുന്നണിയേയും സംബന്ധിച്ച് ഈ സമരം ഒരു അഭിമാന പ്രശ്‌നവും ശക്തി തെളിയിക്കലിന്റെ പ്രശ്‌നവും കൂടെയാണ്. രാപ്പകല്‍ സമരം പോലെ സമാധാനപരമാകുമെന്ന് പറയുന്നുണ്ടെങ്കലിലും അത്ര സമാധാനപരമാകാന്‍ ഇടയില്ലാത്തതാണ് ഈ സമരം. സര്‍ക്കാര്‍ നടപടി കര്‍ശനമാക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇടത് മുന്നണിയും തീരുമാനിക്കുമെന്നുറപ്പാണ്. എന്തായലും കേന്ദ്ര സേനയും സംസ്ഥാന പോലീസും അടങ്ങുന്ന സേനയെ സിപിഎമ്മിന്റേയും മറ്റ് ഇടത് പാര്‍ട്ടികളുടേയും സേന എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications