കോഴിക്കോട് വിമാനത്താവളം ചോരുന്നു
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ മഴയില്‍ ചോര്‍ന്നൊലിയ്ക്കുന്നു. ചോര്‍ച്ചയ്‌ക്കൊപ്പം ടെര്‍മിനലിനുള്ളിലെ സീലിങ് പാനലുകള്‍ അടര്‍ന്ന് വീഴുന്നുമുണ്ട്. ഓഗസ്റ്റ് 7ന് ബുധനാഴ്ച വിമാനത്താവളത്തിലെ ജീവനക്കാരിയ്ക്കുമേല്‍ സീലിഅടര്‍ന്നുവീണിരുന്നു. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടെര്‍മിനലിലെ ചോര്‍ച്ചകാരണം എയര്‍ ഇന്ത്യയുടേതുള്‍പ്പെടെ ചില ഓഫീസുകള്‍ മാറ്റുകയും ചിലത് പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചോര്‍ച്ച തടയാനായി ടാര്‍പോളിന്‍ വലിച്ചുകെട്ടിയിരിക്കുകയാണ്. മഴവെള്ളം ടെര്‍മിനലിനകത്ത് കെട്ടിക്കിടക്കുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
2008ലാണ് ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണത്തിലെ അപാകതയാണ് ചോര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന. പിന്നീട് നിര്‍മ്മിച്ച അന്താരാഷ്ട്ര ടെര്‍മിനല്‍ ഇതുമായി കൂട്ടിച്ചേര്‍ത്ത സ്ഥലത്തുണ്ടായ വിള്ളലുകളാണ് പ്രധാനമായും ചോര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. നിര്‍മ്മാസമയത്തുണ്ടായിരുന്ന ചോര്‍ച്ചകള്‍ സിമന്റ് തേച്ച് താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. ഇവയെല്ലാം ഇപ്പോള്‍ പൊളിഞ്ഞിട്ടുണ്ട്.
ചോര്‍ച്ചയെത്തുടര്‍ന്ന് എയര്‍ഇന്ത്യ ആഭ്യന്തര ടെര്‍മിനലിലെ മാനേജരുടെ ഓഫീസ് വരാന്തയിലേക്ക് മാറ്റി. കഴിഞ്ഞവര്‍ഷവും ചോര്‍ച്ചകാരണം ജനം ദുരിതം നേരിട്ടിരുന്നു. എന്നിട്ടും ഇതുവരെ ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വിമാനത്തിലെ കരാര്‍ ജോലികള്‍ക്കെല്ലാമെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതോടെ നിലവിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ ആഭ്യന്തരടെര്‍മിനല്‍ ആക്കി മാറ്റുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നത്. അതുകൊണ്ടാണ് ചോര്‍ച്ച ഒഴിവാക്കാന്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതെന്നും അധികൃതര്‍ പറയുന്നു. പുതിയ ടെര്‍മിനലിന്റെ ജോലിക്കായുള്ള ടെന്‍ഡര്‍ ജോലികള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ കോടികളുടെ അഴിമതി നടത്തിയതിന് സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയ്ക്കാണ് ഇതിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications