പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
കൊച്ചി: കാക്കനാട്ടെ ബാലികാ സദനത്തില്‍ 14 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2013 ആഗസ്റ്റ് 12 തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കുളിമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന മറ്റ് കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്തെ ബാലികാസദനത്തിലായിരുന്നു പെണ്‍കുട്ടി ആദ്യം താമസിച്ചിരുന്നത്. അവിടെ ആളുകളുടെ എണ്ണം കൂടിയപ്പോഴാണ് കാക്കനാട്ടേക്ക് മാറ്റിയത്. അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടിയെ രണ്ട് വര്‍ഷം മുമ്പാണ് കോട്ടയത്തെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതെന്ന് ബാലികാസദനം അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടി മുമ്പും ആത്മഹത്യ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അധികൃരുടെ വിശദീകരണം. പലതവണ കൗണ്‍സിലിങിനും വിധേയമായിട്ടുണ്ടത്രെ. ബന്ധുക്കള്‍ ഉണ്ടെങ്കിലും ആരും പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനാല്‍ തന്നെ പെണ്‍കുട്ടി വളരെ വിഷമത്തിലായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications