വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലെന്ന് ബിജെപി
ദില്ലി: വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനില്ല എന്ന മോഹന്‍ ലാല്‍ ഡയലോഗിനെ അന്വര്‍ത്ഥമാക്കുന്ന തീരുമാനമാണ് ബിജെപി ദേശീയ നേതൃത്വം ഇപ്പോള്‍ എടുത്തിട്ടുള്ളത്. ചാനല്‍ ചര്‍ച്ചകളിലും പത്രസമ്മേളനങ്ങളിലും പാര്‍ട്ടി പ്രതിനിധികള്‍ മാന്യത വിട്ട് കളിക്കരുതെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കി.
കോണ്‍ഗ്രസ്സിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കണം.പക്ഷേ അത് മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന രീതിയില്‍ ആകരുതെന്നാണ് നിര്‍ദ്ദേശം. പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന തലങ്ങളിലുള്ള വക്താക്കള്‍ക്കും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്കുമായി നടത്തിയ ശില്‍പശാലയിലാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

മാധ്യങ്ങളില്‍ ഇടപെടുമ്പോള്‍ ചെയ്യേണ കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും പാര്‍ട്ടി നേതാക്കളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുമാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കിയത്. സുഷമ സ്വരാജാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ല എന്ന രീതിയല്‍ തന്നെയാണ് സുഷമ സ്വരാജ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നേതാക്കള്‍ എല്ലാവരും പ്രത്യേക വിഷയങ്ങളില്‍ ഏകാഭിപ്രായം പ്രകടിപ്പിക്കണമെന്നും അന്തസ്സുവിട്ട പെരുമാറ്റം ആരുടെഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും സുഷമ സ്വരാജ് മറ്റ് നേതാക്കളെ ഉപദേശിച്ചു.
സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ മോഡിയെ ആക്രമിച്ച കോണ്‍ഗ്രസിനെ ചെറുക്കാന്‍ പാര്‍ട്ടി വക്താക്കള്‍ക്ക് ശരിയായ രീതിയില്‍ കഴിഞ്ഞില്ല എന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ഇക്കാര്യത്തില്‍ തനിക്കുണ്ടായ അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications