അവധി യാത്ര:ജയ്പൂരില്‍ നിന്ന് ബ്രസീല്‍ വഴി ദില്ലി
ദില്ലി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖല ജീവനക്കാര്‍ക്കും ഉളള അവധി യാത്ര ഇളവ്(ലീവ് ട്രാവല്‍ കണ്‌സെഷന്‍) തട്ടിപ്പിന്റെ പുത്തന്‍ കഥകള്‍ പുറത്ത് വരുന്നു. സെന്‍ട്രല്‍ വിജിലന്‍ കമ്മീഷന്‍ അവധിയാത്ര തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലിയില്‍ നിന്ന് ജയ്പൂരിലേക്കുള്ള ദൂരം വെറും 520 കിലോമീറ്ററാണ്. എന്നാല്‍ ഒരു പ്രമുഖ പൊതു മേഖല സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് ഏതാണ്ട് മുപ്പതിനായിരം കിലോമീറ്ററാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നല്ലേ...? ജയ്പൂരില്‍ നിന്ന് ബ്രസീലിലെ സാവോ പോളോ വഴി ദില്ലിയിലേക്ക് പോയാല്‍ പിന്നെ ഇത്ര ദൂരമാകില്ലേ എന്നാണ് ഇവരുടെ മറുചോദ്യം.
യാത്ര ഇങ്ങനെ ആയിരുന്നു. ജയ്പൂരില്‍ നിന്ന് വിമാനം കയറിയ നമ്മുടെ ഉദ്യോഗസ്ഥന്‍ മുംബൈയില്‍ വിമാനമിറങ്ങി. അവിടെ നിന്ന് നേരിട്ട് സാവോ പോളോയിലേക്ക് പോയി എന്നാണ് കഥ. പക്ഷേ സാവോ പോളോയിലേക്ക് മുംബൈയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്തതിനാല്‍ മറ്റേതെങ്കിലും രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ചിട്ടായിരിക്കും ഇദ്ദേഹം സവോ പോളോയില്‍ എത്തിയിട്ടുണ്ടാവുക. എന്തായാലും സാവോ പോളോയില്‍ നിന്ന് നേരെ ദില്ലിയില്‍ വന്നാണ് ഇറങ്ങിയത്. അതും മുംബൈ വഴി.
ഷിപ്പിങ് കോര്‍പ്പറേഷനിലെ നൂറ് കണക്കിന് ജീവനക്കാരാണ് ഈ അവധി യാത്ര ഇളവ് ദുരുപയോഗം ചെയ്തിരിക്കുന്നതത്രെ. ഷിപ്പിങ് കോര്‍പ്പറേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് മുംബൈക്ക് പോയത് ദുബായ് വഴിയാണത്രെ. സിബിഐ അന്വേഷണം ഏതാണ് പകുതി ആകുമ്പോഴേക്കും നമ്മുടെ നാട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ അഴിക്കുള്ളില്‍ ആകുമോ എന്നാണ് ഇപ്പോഴത്തെ സംശയം.












Click it and Unblock the Notifications