വിമാന ടിക്കറ്റില്‍ എംപിമാരുടെ തട്ടിപ്പ്?
ദില്ലി: അവധിയാത്രാ(എല്‍ടിസി) തട്ടിപ്പിന്റെ വേരുകള്‍ രാജ്യ സഭയിലെ ജനപ്രതിനിധികളിലേക്കും നീളുന്നു. കള്ള ടിക്കറ്റ് കാണിച്ച് വിമാനയാത്രക്ക് പണം തട്ടിയെന്ന് സംശയിക്കപ്പെടുന്ന ഒന്പത് എംപിമാര്‍ ഉണ്ടെന്നാണ് അറിവ്.
ലീവ് ട്രാവല്‍ കണ്‍സെഷന്റെ(എല്‍ടിസി) പേരില്‍ വ്യാജ വിമാന ടിക്കറ്റുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍,പൊതുമേഖല ഉദ്യോഗസ്ഥര്‍ വന്‍ തട്ടിപ്പാണ് നടത്തുന്നത്. ഇതിനെ സഹായിക്കുന്നതിനായി ട്രാവല്‍ ഏജന്റുമാരുടെ വലിയൊരു റാക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. വിഷയം ശ്രദ്ധയില്‍ പെട്ട സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ സിബിഐയോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യസഭ സെക്രട്ടേറിയറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ തട്ടിപ്പ നടത്തിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം രാജ്യസഭ സെക്രട്ടേറിയറ്റ് അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിനിടെയാണ് ഒമ്പത് എംപിമാരുടെ വിമാന യാത്രകളില്‍ ക്രമക്കേട് കണ്ടെത്തിയത്.
ആറ് എംപിമാര്‍ സമര്‍പ്പിച്ചിരിക്കുന്നത് എയര്‍ ഇന്ത്യയുടെ വിമാന ടിക്കറ്റുകളാണ്. മറ്റ് മൂന്നു പേര്‍ ജെറ്റ് എയര്‍വേസിന്റേയും. എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജെറ്റ് എയര്‍വേസിനോട് സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭയിലും ഇത്തരം കള്ളത്തരങ്ങള്‍ നടക്കാന്‍ ഇടയുണ്ടെന്നാണ് സൂചന.
അവധിയാത്ര ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടിവേണമെന്ന് ബിജെപി അംഗങ്ങള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉറപ്പുകൊടുത്തു.












Click it and Unblock the Notifications