നഗ്നൃത്തം, പെണ്‍വാണിഭം; എസ് പി എംഎല്‍എ അറസ്റ്റില്‍
ഗോവ: ഡാന്‍സ് ബാറില്‍ നഗ്നനൃത്തം കണ്ടുകൊണ്ടിരുന്ന എം എല്‍ എയെ മറ്റൊരു എം എല്‍ എയുടെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവും എം എല്‍ എയുമായ മഹേന്ദ്രകുമാര്‍ സിംഗാണ് ഗോവയിലെ ഡാന്‍സ് ബാറില്‍ നഗ്നനൃത്തം ആസ്വദിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശിലെ സേവ്തയില്‍നിന്നുള്ള എം എല്‍ എയാണ് ഇദ്ദേഹം.
എം എല്‍ എയെ അറസ്റ്റ് ചെയ്തതിനൊപ്പം അന്യസംസ്ഥാനത്ത് നിന്നുള്ള ആറ് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടികള്‍ എം എല്‍ എയും കൂട്ടരുടെയും ഒപ്പം വന്നതാണെന്നും ഒരേ ഹോട്ടലിലാണ് കഴിഞ്ഞത് എന്നും ഡി എസ് പി മഹേഷ് ഗോയങ്കാര്‍ പറഞ്ഞു. പഞ്ചാബ്, ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

എം എല്‍ എയ്‌ക്കൊപ്പം അഞ്ചുപേരും പോലീസിന്റെ പിടിയിലായിട്ടുണ്ട്. അജയ് സിംഗ്, ധര്‍മേന്ദ്ര പ്രസാദ് എന്നിവരും രണ്ട് നേപ്പാള്‍ സ്വദേശികളുമാണ് പോലീസിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന എസ് പി നേതാവായ ഭഗവതി സിംഗിന്റെ മരുമകനാണ് അറസ്റ്റിലായ എം എല്‍ എ മഹേന്ദ്രകുമാര്‍ സിംഗ്. 1996 മുതല്‍ നാല് തവണ ഇയാള്‍ എം എല്‍ എയായിട്ടുണ്ട്.
അറസ്റ്റ് വാര്‍ത്തയ്‌ക്കെതിരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ സമാജ് വാദി പാര്‍ട്ടി തയ്യാറായിട്ടില്ല. വിശദാംശങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ എന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍ തന്നെ കുടുക്കിയതാണ് എന്നാണ് എം എല്‍ എ മഹേന്ദ്രകുമാര്‍ സിംഗ് ആരോപിക്കുന്നത്. ഡാന്‍സ് ബാറുകള്‍ ഗോവയില്‍ സാധാരണമാണ്. അതിന് ആരെയും അറസ്റ്റ് ചെയ്യാറില്ല. അതേസമയം, പിറന്നാള്‍ പാര്‍ട്ടിക്കിടെ അനാവശ്യബഹളം വെച്ചതിന് കോണ്‍ഗ്രസ് എം എല്‍ എയുടെ പരാതിയിന്മേലാണ് അറസ്റ്റ് നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications