യൂറോപ്പിന്റെ ഗ്രന്ഥശാല മലാല തുറന്നു
ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ ഗ്രന്ഥശാല മലാല യൂസഫ് സായ് ബിര്‍മിങ്ഹാമില്‍ ഉദ്ഘാടനം ചെയ്തു. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മലാലയെ താലിബാന്‍ പ്രവര്‍ത്തകര്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ ഹൃദയ സ്പന്ദനമാണ് ബിര്‍മിങ്ഹാം നഗരം. എനിക്ക് ഏറെ പ്രിയപ്പെട നഗരവുമാണിത്. വെടിയേറ്റ് വീണ എന്നെ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന നഗരമാണിത്- മലാല യൂസഫ് സായ് പറഞ്ഞു.

പാക് താലിബാന്റെ വെടിയേറ്റ് വീണ മലാലയെ ഇംഗ്ലണ്ടിലേക്കാണ് ചികിത്സക്കായി കൊണ്ടുവന്നത്. ബിര്‍മിങ്ഹാമിലെ ക്വീന്‍ എലിസബത് ആശുപത്രിയിലായിരുന്നു ചികിത്സ . പിന്നീട് മലാല പാകിസ്താനിലേക്ക് തിരിച്ചുപോയിട്ടില്ല.
ഗ്രന്ഥശാല ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത് ബര്‍മിങ്ഹാം നഗരത്തിന് തന്നോടുള്ള സ്‌നേഹം കൊണ്ടാണെന്ന് മലാല പറഞ്ഞു. അതുപോലെ ഈ നഗരത്തെ താന്‍ തിരിച്ചും സ്‌നേഹിക്കുന്നുവെന്നും മലാല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ സ്വന്തം കോപ്പി മലാല ബുക്ക് ഷെല്‍ഫില്‍ വച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം ചെയ്തത്. ചടങ്ങിന്റെ സ്മാരകമായുള്ള ലോഹഫലകം അനാഛാദനം ചെയ്തു. ഗ്രന്ഥശാലയിലെ അംഗത്വവും ഏറ്റുവാങ്ങി.
രണ്ടായിരം കോടി രൂപയില്‍ അധികം ചെലവിട്ടാണ് ലൈബ്രറി തയ്യാറാക്കിയിരിക്കുന്നത്. അച്ചടിച്ച പുസ്തകങ്ങള്‍ കൂടാതെ ഡിജിറ്റല്‍ ലൈബ്രറിയും ഉണ്ട് ഇവിടെ.












Click it and Unblock the Notifications