ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു; സഹോദരി പുത്രന്‍ അറസ്റ്റില്‍
തളിപറമ്പ്: ഉദയഗിരിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ അമ്മാവനെ അടിച്ചു കൊന്ന കേസില്‍ സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു. ഇരുകാലുകള്‍ക്കും ചലന ശേഷിയില്ലാത്ത ഭിന്നശേഷിക്കാരനും 76 കാരനുമായ ഉദയഗിരി പുല്ലരി തൊമരക്കാട്ട കുമ്പുക്കല്‍ ദേവസ്യയെന്ന തങ്കച്ചനാണ് (76)അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തളിപറമ്പ് ആടിക്കാംപാറയില്‍ താമസിക്കുന്ന കടവില്‍പറമ്പില്‍ സൈമോനെയാണ് (36)ആലക്കോട് എസ്എച്ച്ഒ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
മത്സ്യവില്‍പനക്കാരനാണ് സൈമോന്‍. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലിസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദേവസ്യയുടെ സഹോദരി അന്നക്കുട്ടിയെന്ന കുഞ്ഞൂഞ്ഞമ്മയുടെ മകനാണ് സൈമോന്‍. ഞായറാഴ്ച്ച വൈകിട്ട് ആറുമണിയോടെ തൊമരക്കാട് കുളത്തിന് സമീപത്തെ വീട്ടില്‍വെച്ചാണ് ദേവസ്യ കൊല്ലപ്പെടുന്നത്.

റോഡില്‍ നിന്നും 200-മീറ്ററോളം മാറി കുന്നിന്‍മുകളിലാണ് ഒറ്റനില ഷെഡ് മേല്‍ക്കൂരയായുളള വീട് സ്ഥിതി ചെയ്യുന്നത്. ദേവസ്യയുടെ ഇരുകാലുകളും ചെറുപ്പത്തിലെ തളര്‍ന്നതാണ്. ഇദ്ദേഹവും അനുജന്‍ തോമ്മക്കുട്ടി, അന്നക്കുട്ടിയുടെ മറ്റൊരു മകന്‍ ഉദയഗിരിയിലെ ചുമട്ടുതൊഴിലാളിയായ ഷൈജു എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇടയ്ക്കിടെ സൈമോനും ഇവിടെയെത്തി താമസിക്കാറുണ്ട്.
എളമ്പേരത്ത് മീന്‍ കച്ചവടം നടത്തുന്ന ഇയാള്‍ തളിപറമ്പിലും തൊമരക്കാട്ടും മാറി മാറിയാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസവും സൈമോന്‍ തൊമരക്കാട്ടെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം ഇവിടെ വെച്ചു ഇയാള്‍ ദേവസ്യയുമായി വഴക്കുണ്ടാക്കുകയും കട്ടിലും മേശയും അടക്കമുളള സാധനങ്ങള്‍ മദ്യലഹരിയില്‍ തകര്‍ക്കുകയും ചെയ്തു. ഇതിനെ ദേവസ്യ ചോദ്യം ചെയ്തപ്പോള്‍ കട്ടിലിന്റെ തടിയും മറ്റും ഉപയോഗിച്ചു ഇദ്ദേഹത്തെ ദേഹമാസകലം അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമം തടയാന്‍ അന്നക്കുട്ടിയും ഷൈജുവും ശ്രമിച്ചപ്പോള്‍ ഇവരെയും ഇയാള്‍ അക്രമിച്ചു. തലക്ക് ഉള്‍പ്പെടെ മാരകമായി പരുക്കേറ്റ ദേവസ്യ ഇതിനിടെ മരണമടയുകയായിരുന്നു. സമീപത്തൊന്നും വീടുകളില്ലാത്തതിനാല്‍ സംഭവം പുറംലോകമറിയാന്‍ ഏറെ വൈകിയിരുന്നു. ഇതിനിടെ വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ആലക്കോട് എസ്‌ഐ കെവി സുനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി.
വീട്ടിലെമുറിക്കുളളില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരുടെ സഹായത്തോടെ പൊലിസ് ദേവസ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുമണിക്കൂര്‍ മുന്‍പെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സൈമോനെ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തി.
ഇതിനു ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ദേവസ്യയുടെ മൃതദേഹം സംസ്‌കരിച്ചു.












Click it and Unblock the Notifications