എയര്‍ ഏഷ്യയും മലേഷ്യന്‍ വിമാനത്തിന്റെ വഴിയെ ശൂന്യതയിലേക്കോ?
ജക്കാര്‍ത്ത: സാങ്കേതികമായി ലോകം അത്രയേറെ പുരോഗമിച്ചിട്ടും എല്ലാ കണ്ടുപിടുത്തങ്ങളെയും അപ്രസക്തമാക്കുകയാണ് വിമാനങ്ങളുടെ അപ്രത്യക്ഷമാകല്‍. 239 യാത്രക്കാരുമായി പോവുകയായിരുന്ന മലേഷന്‍ എയര്‍ലൈന്‍സിന്റെ ഒരു സൂചനപോലും ഒന്‍പതുമാസമായിട്ടും ലോകത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് മനുഷ്യന്റെ സാങ്കേതിക ജ്ഞാനത്തെതന്നെ ചോദ്യം ചെയ്യുന്നതാണ്.
ഇന്തോനേഷ്യയില്‍ നിന്നും സിങ്കപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കാണാതായി മണിക്കൂറുകള്‍ പിന്നിടുമ്പോഴും സമാനമായ സാഹചര്യമാണ് ലോകം ഭയക്കുന്നത്. ഒന്‍പതുമാസങ്ങള്‍ക്കിപ്പുറം മറ്റൊരു വിമാനം കൂടി ദുരൂഹമായി അപ്രത്യക്ഷമായാല്‍ ശാസ്ത്രലോകം ഒരിക്കല്‍ക്കൂടി ശിരസു നമിക്കേണ്ടിവരുമെന്നുറപ്പാണ്.

മലേഷ്യന്‍ വിമാനത്തിന് സമാനമായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നഷ്ടമായശേഷം വിമാനത്തെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നത് അത്ഭുതകരമാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് മേഘങ്ങള്‍ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാനായി 38000 അടി ഉയരത്തില്‍ പറന്നിരുന്നതായാണ് വിവരം. ഇതിനുശേഷം വിമാനവുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും വിച്ഛദിക്കപ്പെടുകയായിരുന്നു.
വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ കരയിലും കടലിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഒരു വിവരവും ഇതുവരെയായി ലഭിച്ചിട്ടില്ല. എയര്‍ ഫോഴ്‌സ്, നേവി എന്നീ വിഭാഗങ്ങളുടെ സേവനം സിങ്കപ്പൂര്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വിഘാതമാകുന്നുണ്ടെങ്കിലും മലേഷ്യന്‍ വിമാനത്തിന്റെ അനുഭവമുള്ളതിനാല്‍ ബ്ലാക്‌ബോക്‌സിന്റെ സിഗ്നലുകള്‍ നഷ്ടപ്പെടും മുന്‍പ് വിമാനം കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍.












Click it and Unblock the Notifications