ആലപ്പുഴയിൽ 65 വയസുകാരന് ഒരു ദിവസം രണ്ട് തവണ വാക്സിൻ നൽകി; ഗുരുതര വീഴ്ച..റിപ്പോർട്ട് തേടി ഡിഎംഒ
ആലപ്പുഴ; 65 വയസുകാരന് ഒരു ദിവസം രണ്ട് തവണ വാക്സിൻ നൽകിയതായി പരാതി. കരുവാറ്റ പിഎച്ച്സിയിൽ ഇടയിലിൽ പറമ്പിൽ ഭാസ്കരനാണ് രണ്ടാം ഡോസ് വാക്സിൻ രണ്ട് തവണ നൽകിയത്. പിന്നാലെ ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസ്‌കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെയാണ് പരാതിക്കടിസ്ഥാനമായ സംഭവം. ഭാര്യയ്ക്കൊപ്പമായിരുന്നു ഭാസ്കരൻ വാക്സിനെടുക്കാൻ എത്തിയത്. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് 90 ദിവസം തികഞ്ഞതിനാലായിരുന്നു രണ്ടാം ഡോസ് എടുക്കാനെത്തിയത്. രാവില 11.30 ന് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി രണ്ടാം ഡോസ് എടുത്തു.

ഇതിന്റെ നിരീക്ഷണത്തിനായി അര മണിക്കൂർ ഇരുന്നപ്പോഴാണ് വീണ്ടും വാക്സിൻ എടുത്തതെന്നാണ് വിവരം. രണ്ടാം കൗണ്ടറിൽ നിന്നായിരുന്നു രണ്ടാമത്തെ ഡോസ് നൽകിയത്. അതേസമയം പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഭാസ്കരനെ ഹരിപ്പാട് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റി.
അതേസമയം സംഭവത്തിൽ കുടുംബാങ്ങൾ അധികൃതർക്കെതിരെ രംഗത്തെത്തി.കാര്യങ്ങൾ അന്വേഷിക്കാതെയാണ് കുത്തിവെയ്പ്പ് എടുത്തതെന്നാണ് ആരോപണം. കുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. വിശ്രമത്തിന് പോകാതെ ഭാസ്കരൻ രണ്ടാം കൗണ്ടറിൽ വന്നതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിലവില്‍ ഭാസ്‌കരന്റെ ആരോഗ്യനില തൃപ്തികരമാണ്.












Click it and Unblock the Notifications