ആലപ്പുഴയിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണിലും തീപിടിത്തം; നിയന്ത്രണവിധേയമാക്കി
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികളിലാണ് ഇന്ന് പുലര്‍ച്ചയോടെ തീപിടിത്തമുണ്ടായത്. മരുന്നുകള്‍ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് തീ പടരുന്നതിന് മുമ്പ് തീയണച്ചു. പ്രധാന കെട്ടിടത്തിന്റെ ജനലുകളും എസികളും കത്തി നശിച്ചിട്ടുണ്ട്.
തീപടരുന്നതിനിടെ കെട്ടിടത്തിലെ അഗ്നിരക്ഷാ സംവിധാനം പ്രവര്‍ത്തിച്ചില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കെ എം എ സി എല്ലിന്റെ മൂന്നാമത്തെ ഗോഡൗണിലാണ് തീപിടിത്തമുണ്ടാകുന്നത്. തിരുവനന്തപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ അഗ്നിരക്ഷാ സേന അധികൃതര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ സുരക്ഷ പ്രശ്‌നങ്ങളില്ലെന്നായിരുന്നു വിലയിരുത്തല്‍.

മരുന്നുകള്‍ ഇതിനോട് അനുബന്ധിച്ചുള്ള മറ്റൊരു വലിയ കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ നിയന്ത്രണവിധേയമാക്കിയിരുന്നു. ജില്ലയിലെ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആലപ്പുഴയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള മരുന്നെത്തിക്കുന്നത് ഇവിടെ നിന്നാണ്.
ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. രണ്ട് ദിവസം മുമ്പ് ഗോഡൗണില്‍ ഫയര്‍ ഓസ്റ്റിംഗ് നടത്തിയിരുന്നെന്നും അതുകൊണ്ടാണ് തീ പെട്ടെന്ന് അണക്കാനായതെന്ന് ഗോഡൗണ്‍ മാനേജര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് മുറികളിലാണ് ബ്ലീച്ചിംഗ് പൗഡപര്‍ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോര്‍പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകള്‍ക്ക് തീപിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വെബ്‌സൈറ്റ് ഏറെ നേരം പ്രവര്‍ത്തനം നിലച്ചിരുന്നു.












Click it and Unblock the Notifications