'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
എന്നാൽ ഇത് ഒരു കഥയല്ല. ജീവിതമാണ്. മനുഷ്യന്റെ ഉള്ളിലെ സ്നേഹം വരണ്ടുപോയിട്ടില്ല എന്നു തെളിയിക്കുന്ന സംഭവം..

PC: facebook
സോഷ്യൽമീഡിയയിൽ ഇപ്പോൾ ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. ഒരു പഞ്ചായത്ത് പ്രസിഡന്റിനെക്കുറിച്ച്. സനു എൻ ആണ് പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദിനേക്കുറിച്ചുള്ള കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
ഒരു കഥ പോലെ പറഞ്ഞുപോകുന്ന ഹൃദയസ്പർശിയായ ഒരു കുറിപ്പ്. വിനോദും ബാബുവുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങൾ. എന്നാൽ ഇത് ഒരു കഥയല്ല. ജീവിതമാണ്. മനുഷ്യന്റെ ഉള്ളിലെ സ്നേഹം വരണ്ടുപോയിട്ടില്ല എന്നു തെളിയിക്കുന്ന സംഭവം..
ആലപ്പുഴ നൂറനാട് പ്രദേശത്ത് ചെറുപ്പകാലം മുതൽ സുപരിചിതനായിരുന്ന ബാബുവിന്റെ മരണത്തെ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങളാണ് സനു എൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഈ കഥയ്ക്ക് പിന്നിലുള്ളത്. കടത്തിണ്ണയിൽ സ്ഥിരമായി ഉറങ്ങിയിരുന്ന ബാബുവിനെ, കഴിഞ്ഞ ദിവസം കടത്തിണ്ണയിൽ തന്നെ മരിച്ചനിലയിൽ കണ്ടെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഒഴിഞ്ഞ പറമ്പിൽ ശവസംസ്‌കാരം നടത്താൻ പഞ്ചായത്ത് അധികാരികൾ ശ്രമിച്ചപ്പോൾ പരിസരവാസികൾ എതിർത്തു. എന്നാൽ മനുഷ്യ സ്നേഹം മരിച്ചിട്ടില്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ആ വലിയ തീരുമാവനം എടുത്തു.
സനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ആറടി മണ്ണിന്റെ ജന്മി എന്നു കേട്ടിട്ടില്ലെ, എന്നാൽ മരിച്ചു കഴിഞ്ഞാൽ പോലും ആ ആഗ്രഹം നടക്കാൻ പ്രയാസമാണ്, ചില മനുഷ്യ സ്‌നേഹികൾ കനിഞ്ഞില്ലെങ്കിൽ... നിങ്ങളീ കഥ കേൾക്കണം.
ഒന്നാമത്തെ ചിത്രം ബാബുവിന്റേതാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് പ്രദേശത്ത് ചെറുപ്പം മുതൽ കാണുന്നയാളാണ്. ചെറുപ്പകാലത്തെന്നോ അലഞ്ഞുതിരിഞ്ഞ് ഈ നാട്ടിൽ വന്നുചേർന്നതാണ്. വിറകുവെട്ടാണ് പണി. ആഹാരമാണ് കൂലി. കടത്തിണ്ണകളിലാണ് കിടപ്പ്.
കഴിഞ്ഞ ദിവസം ബാബുവിനെ മരിച്ച നിലയിൽ ഒരു കടത്തിണ്ണയിൽ കണ്ടെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഒഴിഞ്ഞ പറമ്പിൽ ശവസംസ്‌കാരം നടത്താൻ പഞ്ചായത്ത് അധികാരികൾ ശ്രമിച്ചപ്പോൾ പരിസരവാസികളായ ചിലർ ശക്തമായ എതിർപ്പുമായി വന്നു. അനാഥശവം മറവുചെയ്താൽ അനാഥപ്രേതം വന്നാലോ... അത്രക്ക് ദണ്ണമാണെങ്കിൽ നിന്റെയൊക്കെ വീട്ടുപറമ്പിൽ അടക്കിക്കൂടെ എന്ന്, അവരിൽ പ്രമാണി പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിച്ചു.
രണ്ടാമത്തെ ചിത്രം പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദിന്റേതാണ് ( Vinod Kumar B ). അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പിൽ അന്ത്യവിശ്രമം കൊള്ളുന്നു.
ഇത്തരം ചെറിയചെറിയ നന്മകളുടെ ആകത്തുകയിലാണ് മനുഷ്യകുലം നിലകൊള്ളുന്നത്.












Click it and Unblock the Notifications