വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി; 'മണവാളന്‍ സജി'യെ കെണിയില്‍ കുരുക്കി പൊലീസ്
ആലപ്പുഴ: വിവാഹ വാഗ്ദാനം നടത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട തെനയംപ്ലാക്കല്‍ സ്വദേശി മണിവാളന്‍ സജി എന്നറിയപ്പെടുന്ന സജികുമാര്‍ ആണ് അറസ്റ്റിലായത്. വിവാഹ വെബ്‌സൈറ്റിലെ പരസ്യം കണ്ട് വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി. മാവേലിക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോട്ടയം നാട്ടകത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അടുത്ത് നിന്ന് രണ്ട് തിരിച്ചറിയല്‍ രേഖയുണ്ടായിരുന്നു. ഇതില്‍ ഒന്നില്‍ കോതമംഗലം രാമനെല്ലൂര്‍ കാഞ്ഞിക്കല്‍ വീട് എന്നാണ് രേഖപ്പെടുത്തിയത്. വിവാഹ പരസ്യം കണ്ട് ഫോണിലൂടെ പരിചയപ്പെട്ട ശേഷം ഉയര്‍ന്ന ജോലിയാണെന്നും സാമ്പത്തികമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

വിവാഹ പരസ്യം കണ്ട് മാവേലിക്കര സ്വദേശിനിയെ പരിചയപ്പെട്ട ഇയാള്‍ തന്റെ ആഡംബര കാര്‍ അപകടത്തിലായെന്നും തകരാര്‍ പരിഹരിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാവേലിക്കര സ്വദേശിനി പണം അയച്ചുനല്‍കി. പണം അയച്ചതിന് ശേഷം പിന്നീട് വിളിക്കുകയോ മെസേജ് അയത്തുകയോ ചെയതില്ല. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതി ഇയാളെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഓണ്‍ലൈനില്‍ മാത്രമാണ് വിളിച്ചിരുന്നത്. സൗഹൃദം സ്ഥാപിച്ച സമയത്ത് സജികുമാര്‍ അയച്ചു നല്‍കിയ ചിത്രത്തിലെ ടി ഷര്‍ട്ടില്‍ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേരാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. ഈ പേരിലുള്ള ഹോട്ടല്‍ കണ്ടെത്തിയ ശേഷം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാട്ടകം സ്വദേശിനിയായ യുവതിക്കൊപ്പം താമസിക്കുകയാമെന്ന് മനസിലായത്. ഇയാള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ വിവാഹതട്ടിപ്പ് നടത്തിയെന്നാണ് വിവരം.












Click it and Unblock the Notifications