2000 രൂപയ്ക്ക് ചില്ലറ ചോദിച്ച വയോധികനെ മർദ്ദിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടിയെടുക്കും
മാവേലിക്കര: 2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട വയോധികനെ മർദ്ദിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കെഎസ്ആർടിസി ഇൻസ്പെക്ടർ റിപ്പോർട്ട് നൽകി. സംഭവത്തിൽ കെഎസ്ആർടിസി ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായാണ് കണ്ടെത്തൽ. ചെട്ടികുളങ്ങര പേള ഗീതാലയം മനു ഭവനിലെ രാധാകൃഷ്ണൻ നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം നടത്തിയത്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.
പനച്ചമൂടിന് പോകാനായാണ് രാധാകൃഷ്ണൻ നായർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റ് തുകയായ 13 രൂപ ചില്ലറ ഇല്ലാത്തതിനാൽ 2000 രൂപയുമായി രാധാകൃഷ്ണൻ നായർ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലെത്തുകയായിരുന്നു. എന്നാൽ ചില്ലറ ഇവിടെ ലഭിക്കില്ലെന്നും മുകളിൽ ക്യാഷ് കൗണ്ടറിൽ അന്വേഷിച്ചാൽ ചിലപ്പോൾ ലഭിക്കും എന്നുമായിരുന്നു സ്റ്റേഷൻ മാസ്റ്റർ പറഞ്ഞത്. പടി കയറാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ രാധാകൃഷ്ണൻ നായരെ അനീഷ് എന്ന ഡ്രൈവർ മർദ്ദിച്ചതായാണ് പരാതി.

2000 രൂപയുടെ നോട്ട് നിരോധിച്ചത് അറിയില്ലേ എന്ന് ചോദിച്ചായിരുന്നു അനീഷ് മർദ്ദിച്ചതെന്നും നിലത്തുവീണ് ഇടത് കൈ ഒടിഞ്ഞെന്നും രാധകൃഷ്ണൻ നായർ പരാതിയിൽ പറയുന്നു. മർദ്ദനത്തിനിടെ രാധാകൃഷ്ണൻ നായരുടെ കയ്യിൽ ഉണ്ടായിരുന്ന 2000 രൂപയുടെ നോട്ട് വലിച്ചുകീറിയതായും പറയുന്നുരാധാകൃഷ്ണൻ നായരുടെ പരാതിക്ക് പിന്നാലെ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. തുടർന്ന് കെഎസ്ആർടിസി ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ട് അയച്ചിരുന്നു. ഇയാൾക്കെതിരെ ഉടൻ നടപടി ഉണ്ടാവുമെന്നാണ് സൂചന
അതേസമയം, 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നതായി ഈ മാസം 19നാണ് ആർബിഐ അറിയച്ചത്. 2023 മേയ് 23 മുതൽ ബാങ്കുകളിൽ നിന്നും 19 ആർബിഐ റീജിയണൽ ഓഫീസുകളിൽ നിന്നും 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കുമെന്ന് ആർബിഐ അറിയിച്ചിരുന്നു. 4 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾക്ക് നിയമ സാധുതയുണ്ട്.












Click it and Unblock the Notifications