പക്ഷിപ്പനി നിയന്ത്രിക്കാൻ മുന്നൊരുക്കവുമായി ആലപ്പുഴ, നിർദേശങ്ങളിറക്കി മൃഗസംരക്ഷണ വകുപ്പ്
ആലപ്പുഴ : സാധാരണയായി പക്ഷിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യാറുള്ള കാലമാണ് വന്നടുക്കുന്നത്. ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി മുൻ കരുതൽ നടപടികൾ ആരംഭിച്ച് മൃഗ സംരക്ഷണ വകുപ്പ്. ഇതു വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ താറാവുകളിലും കോഴികളിലുമെല്ലാം ഏറ്റവും കൂടുതൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ്. ഇതു പ്രകാരമാണ് മൃഗ സംരക്ഷണ വകുപ്പിന്റെ മുന്നൊരുക്കം.
കഴിഞ്ഞ വർഷങ്ങളിൽ പക്ഷിപ്പനി രൂക്ഷമായിരുന്ന പഞ്ചായത്തുകളിൽ വളർത്തുന്ന താറാവുകളെ പാടത്തേക്ക് ഇറക്കരുതെന്നും കൂട്ടിലിട്ട് തന്നെ വളർത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണ ഇതു വരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജില്ലയിൽ ജാഗ്രത തുടരുകയാണ്. കൃത്യമായ സാംപിൾ പരിശോധനയുൾപ്പെടെ മൃഗസംരക്ഷണ വകുപ്പ് നടത്തി വരുന്നുണ്ട്.

കൂടുതൽ താറാവുകളെ വളർത്തുന്ന കർഷകർ എന്തായാലും ലൈസൻസ് എടുത്തിരിക്കണമെന്നും വകുപ്പ് അറിയിച്ചു. അതത് പഞ്ചായത്തുകളിൽത്തന്നെ അവിടത്തെ മൊത്തം താറാവുകളുടെ കണക്ക് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ വർഷം ജില്ലയിൽ പക്ഷിപ്പനി രൂക്ഷമായി സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് പക്ഷിപ്പനി സംബന്ധിച്ച് അവലോകന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വ്യാധിയ്ക്കുള്ള മുന്നൊരുക്കമായി കഴിഞ്ഞ വർഷം പക്ഷിപ്പനി സ്ഥിരീകരിക്കുന്ന പാടശേഖരങ്ങളിൽ താറാവു വളർത്തലിനു നിയന്ത്രണമേർപ്പെടുത്തി. അന്നത്തെ കലക്ടർ വി.ആർ. കൃഷ്ണതേജയാണ് പാടശേഖരങ്ങളിൽ താറാവു വളർത്തലിനു നിയന്ത്രണമേർപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇത്തവണ കർശനമായി നിർദേശങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് മുൻകരുതൽ എടുക്കുന്നത്.












Click it and Unblock the Notifications