ആലപ്പുഴയിൽ പോര് മുറുകുന്നു; പ്രഖ്യാപനത്തിന് മുമ്പ് കെസി വേണുഗോപാലിനായി പ്രചരണം തുടങ്ങി; സീറ്റിനായി പിസി വിഷ്ണുനാഥും രംഗത്ത്

ആലപ്പുഴ: യുഡിഎഫ് സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുമ്പോൾ ആലപ്പുഴയിലും പോര് മുറുകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പേ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പോര് ശക്തമാവുകയാണ്. സിറ്റിംഗ് എം.പി. കെ.സി. വേണുഗോപാലും മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥുമാണ് സീറ്റിനായി അവകാശവാദമുന്നയിച്ചു രംഗത്തുള്ളത്.അതിനിടെ ഒരു വിഭാഗം കെ.സി.വേണുഗോപാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. നഗരത്തിൽ ഇതിനോടകം കെസി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡുകളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത് കോൺഗ്രസിൽ തന്നെ മറ്റൊരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി കഷ്ടിച്ചാണ് കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിച്ചത്. അതിന് ശേഷം അദ്ദേഹം മണ്ഡലത്തെ വേണ്ടരീതിയില്‍ ഗൗനിച്ചില്ല എന്നതും യു.ഡി.എഫിന് തിരിച്ചടിയാണ്. പ്രളയവും ഓഖിയും ഉള്‍പ്പടെ കൊണ്ട് ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ച മണ്ഡലമാണ് ആലപ്പുഴ എങ്കിലും ഈ ഘട്ടങ്ങളിലെല്ലാം എം.പി.യുടെ അഭാവം ജനങ്ങള്‍ ശ്രദ്ധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രളയ സമയത്ത് വിമര്‍ശനങ്ങള്‍ക്ക് ഒടുവിലാണ് സ്ഥലം എം.പി. കെ.സി. വേണുഗോപാല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും പോയത് എന്നതും യു.ഡി.എഫിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
പ്രളയ പുനരധിവാസ പ്രവര്‍ത്തനത്തിലും എം.പി.യുടെ പ്രവര്‍ത്തനം വളരെ ശുഷ്കമായിരുന്നു. ഇടതുപക്ഷ എം.എല്‍.എ.മാരും മന്ത്രിമാരും രാപ്പകല്‍ ഇല്ലാതെ ദുരിത മുഖത്തും ദുരിതാശ്വാസ ക്യാമ്പിലും പുനരധിവാസ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടപ്പോള്‍ കെ.സി. വേണുഗോപാലും കൂട്ടരും കുട്ടനാട് ഒരു വീട്ടില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിപ്പോവുകയാണ് ഉണ്ടായത്. ഇതൊക്കെ ഉന്നയിച്ചാണ് ആലപ്പുഴ സീറ്റില്‍ അവകാശ വാദമുന്നയിച്ച് മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥ് രംഗത്തെത്തിയിരിക്കുന്നത്.
കെ.സി. വേണുഗോപാലിനോടുള്ള ആലപ്പുഴ മണ്ഡലത്തിലെ ജനങ്ങളുടെ എതിര്‍പ്പും സോളാര്‍ കേസിലുള്ള കെ.സി. വേണുഗോപാലിന്റെ ഇടപെടലുകളും സരിതയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതി നിലനില്ക്കുന്നതും ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ വലംകൈയായ പി.സി. വിഷ്ണുനാഥ് അവകാശവാദം ഉന്നയിക്കുന്നത്.എന്നാല്‍ സോളാര്‍ കേസില്‍ പി.സി. വിഷ്ണുനാഥും ഉള്‍പ്പെട്ടിട്ടുണ്ട് എന്നും സരിതയെ അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പടെ പി.സി. വിഷ്ണുനാഥ് വിളിച്ച വിവരങ്ങള്‍ പുറത്ത് വന്നതാണെന്നും അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചെങ്ങന്നൂരില്‍ പി.സി. വിഷ്ണുനാഥ് പരാജയപ്പെട്ടതെന്നും കെ.സി. വേണുഗോപാല്‍ വിഭാഗം മറുആരോപണവും ഉന്നയിക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ വിഷ്ണുനാഥിന് തിരിച്ചടിയായ അതെ വിഷയങ്ങളില്‍ ആലപ്പുഴയില്‍ വിഷ്ണുനാഥ് മത്സരിച്ചാലും ഉണ്ടാവുമെന്നും കെ.സി. വിഭാഗം ഉറപ്പിച്ചു പറയുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.