ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. ദേശീയ പാതയില്‍ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം കാര്‍ യാത്രക്കാരാണ്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ് മരിച്ചത്.
അഞ്ച് പേരും ഐ എസ് ആര്‍ ഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. കാര്‍ അമിത വേഗതയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആണ് സംഭവം.
ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ല. അതേസമയം ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രാപ്രദേശില്‍ നിന്ന് അരി കയറ്റി വന്ന ലോറിയുമായാണ് ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചത്. അപകടം നടന്നയുടന്‍ തൊട്ടടുത്തുള്ള അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ കാറിലുള്ളവരെ പുറത്തെടുക്കാമനായില്ല. പിന്നീട് ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ച ശേഷമാണ് അഞ്ച് പേരെയും പുറത്തെടുത്തത്. അഞ്ച് പേരുടേയും ബന്ധുക്കള്‍ രാവിലെയോടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ന് തന്നെ മൃതദേഹം വിട്ടുകൊടുത്തേക്കും.












Click it and Unblock the Notifications