കാറിനുള്ളില്‍ കത്തിയ നിലയില്‍ കണ്ട മൃതദേഹം കാര്‍ ഉടമയുടേത്; കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ആത്മഹത്യ
ആലപ്പുഴ: എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാര്‍ ഉടമയും എടത്വ സ്വദേശിയുമായ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ് തന്നെയാണ് മരിച്ചത് എന്ന് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. ഏറെക്കുറെ പൂര്‍ണമായും കത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ്‌കുട്ടി തന്നെയാണ് എന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്.
ഇയാളുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടര്‍ന്ന് കമ്പിയിട്ടിരുന്നു. ഇത് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. ജയിംസ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരം. കാറിനുള്ളില്‍ കയറി ജയിംസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ചില രേഖകളും കത്തിച്ചിട്ടുണ്ട് എന്നും സംശയമുണ്ട്.

Image Credit: Manorama News @Youtube
ആധാരം നശിപ്പിക്കുകയാണെന്ന് പറഞ്ഞ് ജയിംസ് സുഹൃത്തിന് മെസേജ് അയച്ചിരുന്നു. മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും നശിപ്പിച്ചതായി സംശയമുണ്ട്. രോഗബാധിതനായിരുന്നു ജയിംസ് കുട്ടി. ഇയാള്‍ മദ്യപിച്ച് വീട്ടുകാരുമായി വഴക്കിടാറുണ്ട് എന്നാണ് വിവരം. വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി പോകുന്ന പതിവുമുണ്ടായിരുന്നു. ഇന്നലെ രാത്രിയും ഇങ്ങനെ വീട്ടില്‍ നിന്നിറങ്ങിയതാണ് എന്നാണ് സംശയം.
ഇന്ന് വൈകിട്ട് 5.30ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ ജയിംസ് കുട്ടിയുടെ സംസ്‌കാരം നടന്നു. ജോയിസ് ആണ് ജയിംസിന്റെ ഭാര്യ. വിദ്യാര്‍ത്ഥികളായ ആല്‍വിന്‍, അനീറ്റ എന്നിവരാണ് മക്കള്‍. ശനിയാഴ്ച പുലര്‍ച്ചെ 3.45-ന് ആണ് തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം കാര്‍ കത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു.
ഫയര്‍ഫോഴ്‌സെത്തി തീ അണച്ചതിന് ശേഷമാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ പൂര്‍ണമായി കത്തിയതിനാല്‍ ആരുടേതാണ് മൃതദേഹം എന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. തായങ്കരി ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു കാര്‍ കത്തിയത്. ഇവിടെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാര്‍ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത് എന്ന് പ്രദേശവാസിയായ ശ്രീരാജ് പറഞ്ഞിരുന്നു. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞെന്നും കാര്‍ കത്തുന്ന സമയത്ത് വലിയ പൊട്ടിത്തെറി നടന്നിരുന്നു എന്നും ശ്രീരാജ് പറഞ്ഞിരുന്നു. വലിയ തീ ആയിരുന്നു എന്നും അതിനാല്‍ അടുത്തേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു എന്നും ശീരാജ് പറഞ്ഞിരുന്നു.












Click it and Unblock the Notifications