സംസ്ഥാന നേതൃത്വം ഇടപെട്ടു; കുട്ടനാട്ടിലെ സിപിഎം വിഭാഗീയത പരിഹരിച്ചു
380 പേരാണ് കഴിഞ്ഞ മാസങ്ങളില്‍ സിപിഎമ്മില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് കുട്ടനാട്ടിലേത്

ആലപ്പുഴ: കുട്ടനാട് സി പി എമ്മില്‍ മാസങ്ങളായി നിലനിന്ന രൂക്ഷമായ വിഭാഗീയതയില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലില്‍ പരിഹാരം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തില്‍ ആണ് ഭിന്നത പരിഹരിക്കപ്പെട്ടത്.
കുട്ടനാട്ടില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ആണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഭിന്നതക്ക് പരിഹാരമായത്. ഏരിയ കമ്മിറ്റി യോഗത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ ധാരണയായി.
കൂടാതെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആര്‍ക്കെതിരെയും പ്രതികാര നടപടികള്‍ ഉണ്ടാകില്ല എന്നും സി പി എം സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. സി പി എമ്മിന് ഏറെ സ്വാധീനമുള്ള കുട്ടനാട്ടിലെ വിഭാഗീയത സംസ്ഥാന നേതൃത്വം ഗൗരവമായാണ് പരിഗണിച്ചത്.
മാസങ്ങളായി സി പി എമ്മില്‍ നിന്നും വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഇന്നത്തെ സമവായ യോഗത്തിന് എത്തിയിരുന്നു. എ എസ് അജിത്, ജോസ് തോമസ്, പ്രസാദ് ബാലകൃഷ്ണന്‍, പി ടി കുഞ്ഞുമോന്‍ എന്നിവരാണ് ഇന്നത്തെ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്.

പാര്‍ട്ടിയും ബഹുജന സംഘടനകളും വിട്ടു പോകും എന്ന് കാട്ടി രാജി കത്ത് നല്‍കിയവരെ ഒപ്പം നിര്‍ത്താനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇവര്‍ അംഗത്വ സ്‌ക്രൂട്ടിനി യോഗത്തില്‍ പങ്കെടുത്ത് ലെവിയും വരിസംഖ്യയും നല്‍കണം എന്ന് നേതൃത്വം നിര്‍ദേശിച്ചു.
കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ ആറ് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി 380-ലേറെ പേരാണ് സി പി എമ്മില്‍ നിന്ന് രാജി വെച്ചത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല എന്ന് ഏരിയ കമ്മിറ്റി യോഗത്തില്‍ ധാരണയായിട്ടുണ്ട്.












Click it and Unblock the Notifications