ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ഡി സി സി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. 56 വയസായിരുന്നു. ശ്രീദേവി സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടരയോടെ ദേശീയ പാതയിസൂടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ഹരിപ്പാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി നേതാക്കള്‍ രംഗത്തെത്തി. ഹരിപ്പാട്ടെത്തുമ്പോള്‍ ഇനിയൊരിക്കലും ചിരിക്കുന്ന മുഖവുമായി ഓടിയെത്താന്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയുണ്ടാവില്ലെന്ന വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ് ഈ ദിവസം തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജന്‍ മരണപ്പെട്ട വാര്‍ത്ത ഏറെ നേരം ഒരു മരവിപ്പാണുണ്ടാക്കിയത്. അത്രയ്ക്ക് വേദനാജനകമാണ് ഈ വേര്‍പാട്. എപ്പോള്‍ എവിടെ വച്ചു കണ്ടാലും വേണുച്ചേട്ടാ എന്ന വിളിയോടെ ഓടിയെത്തി വിശേഷങ്ങള്‍ തിരക്കുന്ന ശ്രീദേവിയുടെ സന്തോഷം നിറഞ്ഞ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല. ഏറ്റവുമൊടുവില്‍ ഈയടുത്ത് കായംകുളത്ത് ഒരു പാലിയേറ്റീവ് കെയര്‍ സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങില്‍വെച്ച് കണ്ടപ്പോഴും അതേ ഊര്‍ജവും പ്രസരിപ്പും തിളങ്ങിനില്‍ക്കുന്ന മുഖവുമായി പതിവ് തെറ്റിക്കാതെ ഓടിവന്ന് ഏറെനേരം സംസാരിക്കുകയുണ്ടായി. രക്തബന്ധത്തേക്കാള്‍ വലിയ സഹോദര ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ശ്രീദേവിയുടെ കുടുംബാംഗങ്ങളുമായും ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം വലിയ അടുപ്പമാണുള്ളത്.
ഹരിപ്പാട്ടെയും ആലപ്പുഴയിലെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രീദേവിയുടെ സാന്നിധ്യമില്ലാത്ത ദിവസങ്ങള്‍ ചുരുക്കമായിരുന്നു. സാമൂഹിക പ്രവര്‍ത്തന മേഖലയിലും മനസ്സ് നിറക്കുന്ന ചിരിയുമായി ഓടിനടക്കുന്ന ശ്രീദേവി ഇപ്പോഴും ഓര്‍മയിലുണ്ട്. ആരുടെയെങ്കിലും വിഷമം കണ്ടാല്‍ വേദനിക്കുന്ന മനസ്സുമായി അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഒരു ശ്രീദേവിയുമുണ്ട്. അവരെ ചേര്‍ത്തുപിടിച്ച് അവര്‍ക്കായി ചെയ്യാവുന്നതൊക്കെ ചെയ്തുനല്‍കുന്ന നിസ്വാര്‍ത്ഥയായ ശ്രീദേവി. ഹരിപ്പാട്ടെ കോണ്‍ഗ്രസിന്റെ നന്മയുള്ള മുഖമാണ്.
സഹജീവികളോട് ചിരിച്ചുകൊണ്ടല്ലാതെ ഇടപെടുന്ന ശ്രീദേവിയെ ഇന്നേവരെ കണ്ടിട്ടില്ല. എല്ലാവരോടും സ്‌നേഹത്തോടെ, കരുണയോടെ പെരുമാറിയിരുന്ന ശ്രീദേവിയോട് മരണം മാത്രം കരുണ കാണിച്ചില്ല. പകരം വയ്ക്കാനാകില്ല. പറഞ്ഞ് വിവരിക്കാനും. അത്രയുണ്ട് നഷ്ടം. പ്രിയപ്പെട്ട ശ്രീദേവിയുടെ ഓര്‍മകളില്‍ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം- കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications