'എനിക്ക് വിമാനത്തില്‍ കയറണം', കുട്ടികളുടെ ചോദ്യത്തില്‍ പൊട്ടിച്ചിരിച്ച് ആലപ്പുഴ കളക്ടര്‍, മറുപടി ഇങ്ങനെ
ആലപ്പുഴ: 'എനിക്ക് വിമാനത്തില്‍ കയറണം' കുരുന്നുകള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന ആവശ്യം കേട്ട് കളക്ടര്‍ ചിരിച്ചു. 'നല്ല ആഗ്രഹം, ഉടന്‍ പരിഹാരമുണ്ടാക്കാം'. കളക്ടറുടെ മറുപടി ഉടന്‍ എത്തി. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളായിരുന്നു ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുമായി കളക്ടറേറ്റില്‍ നടന്ന 'കളക്ടറോടൊപ്പം' പരിപാടിയില്‍ ഉയര്‍ന്നത്.
കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കളക്ടര്‍ മറുപടി പറഞ്ഞു. ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 26 ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നും നൂറനാട് ശബരി സ്‌കൂളില്‍ നിന്നുമായി തിരഞ്ഞെടുത്ത 89 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ജില്ല കളക്ടര്‍ ആയതിനുശേഷം വിഷമിപ്പിച്ച സംഭവം, സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ എങ്ങനെ തടയാം, കളിസ്ഥലങ്ങള്‍ ഇല്ലാത്ത സാഹചര്യം തുടങ്ങി നിരവധി ചോദ്യങ്ങളാണ് കുട്ടികള്‍ക്കുണ്ടായിരുന്നത്. സാധ്യമായതെല്ലാം ചെയ്യാമെന്ന ഉറപ്പുനല്‍കിയാണ് കളക്ടര്‍ സംവാദം അവസാനിപ്പിച്ചത്.

അതേസമയം, കുട്ടികളുടെ പ്രിയപ്പെട്ട കളക്ടരാണ് കൃഷ്ണ തേജ. കളക്ടര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുട്ടികള്‍ക്കായി പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കൂടാതെ ഒരുപാട് സമ്മാനങ്ങളുമായി കളക്ടറെ കാണാന്‍ നിരവധി കുട്ടികളാണ് എത്താറുള്ളത്. കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഒരു സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ച് കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്.
കഴിഞ്ഞ ദിവസം എനിക്കൊരു സര്‍പ്രൈസ് ഗസ്റ്റ് ഉണ്ടായിരുന്നു. ചേര്‍ത്തല സ്വദേശിനിയായ ശ്രീലക്ഷ്മിയായിരുന്നു ആ അതിഥി. കളക്ടറായി ആലപ്പുഴയില്‍ ചുമതലയേറ്റ് കുറച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പതിമൂന്നു വയസുകാരി ശ്രീലക്ഷ്മിയെക്കുറിച്ച് മാധ്യമങ്ങള്‍ വഴി അറിയുന്നത്. സെറിബ്രല്‍ പാള്‍സി ബാധിതയായ ഈ മോള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞപ്പോള്‍ തന്നെ ഈ മോളുടെ വീട്ടില്‍ പോയി. നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഈ കുട്ടി.
മെച്ചപ്പെട്ട ചികിത്സ തന്നെയായിരുന്നു ഈ മോളുടെ പ്രധാന ആവശ്യം. അതിനായി ഞാനും ബഹു. മന്ത്രി ശ്രീ.പി. പ്രസാദും ഇടപെടുകയും കോതമംഗലം പീസ് വാലി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മിയുടെ ചികിത്സ ഉറപ്പാക്കുകയുമായിരുന്നു. മുന്ന് മാസത്തിന് ശേഷം ശ്രീലക്ഷ്മിയെ കഴിഞ്ഞ ദിവസം വീണ്ടും കണ്ടു. അതില്‍ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം ഇക്കുറി ഞാന്‍ അങ്ങോട്ട് പോയില്ല മറിച്ച് ശ്രീലക്ഷ്മി എന്റെ ഓഫീസിലേക്ക് വരികയായിരുന്നു. ഈ മോള്‍ വരുന്നതറിഞ്ഞ് ഞാന്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് വരാമെന്ന് പറഞ്ഞെങ്കിലും വേണ്ടന്ന് പറഞ്ഞ് എന്നെ കാണാനായി കളക്ടറേറ്റിന്റെ ഒന്നാം നിലയിലുള്ള ഓഫീസിലേക്ക് പടികള്‍ നടന്ന് കയറിയാണ് ഈ മോള്‍ വന്നത്.
ഈ മോള്‍ നടക്കുന്നത് കാണുമ്പോള്‍ ശ്രീലക്ഷ്മിയുടെ അച്ഛന്റെയും അമ്മയുടേയും മുഖത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇതിനായി സൗജന്യമായി ചികിത്സ നല്‍കിയ പീസ് വാലി അധികൃതരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഫിസിയോ തെറാപ്പിക്കൊപ്പം സ്പീച് തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, ബിഹേവിയര്‍ മോഡിഫിക്കേഷന്‍ എന്നീ ചികിത്സകളാണ് ശ്രീലക്ഷ്മിക്ക് ലഭിച്ചത് .
അച്ഛന്‍ ശ്രീ. ബാബു, അമ്മ ശ്രീമതി ലതിക, പീസ് വാലി ഭാരവാഹികളായ ശ്രീ. ഫാറൂഖ് കരുമക്കാട്ട്, ശ്രീ. പി എം അഷ്റഫ്, ശ്രീ. സാബിത് ഉമര്‍, ശ്രീ . ഹരി കൃഷ്ണന്‍, ശ്രീമതി ലിജി മോള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു .












Click it and Unblock the Notifications