ഈ ഇന്‍സ്റ്റഗ്രാം പേജ് നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ; 7000 പേര്‍ സൈബർ സെൽ നിരീക്ഷണത്തില്‍
ആലപ്പുഴ: എം ഡി എം എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. ഇന്‍സ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെയാണ് ഇപ്പോള്‍ എക്‌സൈസ് സംഘം പിടികൂടിയത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല വയലാര്‍ സ്വദേശി 20 വയസ്സുള്ള ഷാരോണ്‍ വര്‍ഗീസിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാള്‍ ദീര്‍ഘനാളായി ആലപ്പുഴ എക്‌സൈസ് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജിലാലും പാര്‍ട്ടിയും ചേര്‍ന്നാണ് ഇയാളെ വയലാറില്‍ നിന്ന് 0.250 ഗ്രാം എം ഡി എം എ യുമായി പിടികൂടിയത്. 'വാടാ മോനെ പറക്കാം' എന്ന കമ്മ്യൂണിറ്റി പേജ് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. ഇതില്‍ അംഗമായിരുന്ന എഴായിരത്തോളം പേര്‍ എക്‌സൈസ് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്.

ഇതില്‍ ഒരാളായിരുന്ന ചേര്‍ത്തല സ്വദേശി വിഷ്ണുവിനെ എക്‌സൈസ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി എം ഡി എം എ യുമായി അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയില്‍ ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ ജി ഉണ്ണികൃഷ്ണന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനി എം, നവീന്‍ ബി എന്നിവരും, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബി എ അന്‍ഷാദ്, വര്‍ഗീസ് പയസ് എന്നിവരും ഉണ്ടായിരുന്നു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ ലഹരി വേട്ടിയാണ് നടക്കുന്നത്. പുതുവത്സരാഘോഷം കണക്കിലെടുത്ത് സംസ്ഥാനത്ത് ലഹരി ഒഴുകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ, കണ്ണൂര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രണ്ടു പേരെ എം ഡി എം എയുമായി പിടികൂടി. ബാംഗ്ലൂരില്‍ നിന്നും വാങ്ങി കര്‍ണാടക യാത്രാ ബസില്‍ കേരളത്തിലേക്ക് വില്പനയ്ക്ക് കൊണ്ടുവരികെയായിരുന്ന 51.169ഗ്രാം എം ഡി എം എ ആണ് പരിശോധനയില്‍ പിടിച്ചെടുത്തത്. കോഴിക്കോട് വടകര സ്വദേശികളായ 37 വയസ്സുള്ള നൗഫല്‍. കെ.കെ, 39 വയസ്സുള്ള മുഹമ്മദ് ജുനൈദ്.പി എന്നിവരെ അറസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും ചേര്‍ന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കൂടാതെ കായംകുളത്ത് പുല്ലുകുളങ്ങരയില്‍ നിന്ന് 200 കുപ്പി വ്യാജമദ്യം പിടികൂടി. പുതുവത്സര ആഘോഷത്തിന് വിറ്റഴിക്കാന്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് വരികെയായിരുന്ന വ്യാജ വിദേശമദ്യമാണ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. എക്സൈസ് കമ്മീഷണര്‍ അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
വാഹനത്തില്‍ ഉണ്ടായിരുന്ന ചേരപ്പള്ളി സ്വദേശിയായ രഞ്ജിത്, കായംകുളം സ്വദേശിയായ അമീര്‍ എന്നിവരെ തത്സമയം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉമററ്യ ഡാഡിവില്‍സണ്‍ എന്ന ലേബലോട് കൂടിയ മദ്യക്കുപ്പികളാണ് പിടികൂടിയത്. വ്യാജ ലേബലും സ്റ്റിക്കറും ഉപയോഗിച്ച് അനധികൃതമായി നിര്‍മ്മിച്ചതാണ് പിടിച്ചെടുത്ത മദ്യം. ഈ മദ്യം നിര്‍മ്മിച്ചവരെക്കുറിച്ചും വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications