കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു; ക്വട്ടേഷന്‍ ആക്രമണമെന്ന് സൂചന
ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ കായംകുളം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. പുതുപ്പള്ളി പത്തിശേരി സ്വദേശിയാണ് കൊല്ലപ്പെട്ട അമ്പാടി.
കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നടുറോഡിലാണ് അമ്പാടിയെ അക്രമിസംഘം ആക്രമിച്ചത്. കഴുത്തിനെറ്റ വെട്ടാണ് മരണ കാരണം. അമ്പാടിയുടെ കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ അമ്പാടി കൊല്ലപ്പെട്ടത്. അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് വിവരം.

കായംകുളത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറെ നാളുകളായി ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസമുണ്ടാക്കും വിധം ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് എന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. യുവജന സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും സമ്മതനായി പ്രവര്‍ത്തിച്ചു വന്ന അമ്പാടിയെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ക്വട്ടേഷന്‍ മാഫിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.
ക്വട്ടേഷന്‍ മാഫിയാ സംഘങ്ങള്‍ക്കെതിരെ നാളെ ജില്ലയില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും, ഈ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ഡിവൈഫ് ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാറും, സെക്രട്ടറി ജയിംസ് സാമുവേലും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications