ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി വിവാദം; തോറ്റ നേതാവിന് എം കോം പ്രവേശനമെന്ന് ആരോപണം
ആലപ്പുഴ: ആലപ്പുഴ എസ് എഫ് ഐയിലും വ്യാജ ഡിഗ്രി വിവാദം. എസ് എഫ് ഐ കായംകുളം ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. വിവാദം ഉയര്‍ന്നതിന് പിന്നാലെ സി പി എം നേതൃത്വം ഇടപെട്ട് നടപടി സ്വീകരിച്ചു. നിഖില്‍ തോമസിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവതരമാണെന്ന് കണ്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ഫ്രാക്ഷന്‍ യോഗം നിഖിലിനെ വിളിച്ചുവരുത്തുകയായിരുന്നു.
വിശദീകരണം തേടിയ ശേഷം എസ് എഫ് ഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്യാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം സി പി എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കായംകുളം എം എസ് എം കോളേജ് രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ത്ഥിയാണ് നിഖില്‍ തോമസ്.

എം കോം പ്രവേശനത്തിന് നിഖില്‍ തോമസ് നല്‍കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018-20 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എം എസ് എം കോളേജില്‍ ബി കോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസാകാന്‍ നിഖിലിനെ കൊണ്ട് സാധിച്ചില്ല. ഈ സമയത്ത് 2019ല്‍ കായംകുളം എം എസ് എം കോളേജില്‍ യു യു സിയും 2020ല്‍ സര്‍വ്വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ഡിഗ്രി പരീക്ഷ തോറ്റ നിഖില്‍ പ്രവേശനത്തിനായി 2019 - 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയത്. ഒരേ സമയത്ത് എങ്ങനെയാണ് കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗമാണ് പരാതി നല്‍കിയത്. മൂന്ന് മാസം മുമ്പാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്.
പരാതിക്കാരി എം എസ് എം കോളേജില്‍ നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമാണ്. എസ് എഫ് ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഇപ്പോള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ ഇന്നലെ ചേര്‍ന്ന സി പി എം ഫ്രാക്ഷന്‍ നിഖിലിനെ വിളിച്ചു വരുത്തി പരാതി ചര്‍ച്ച ചെയ്തത്. നിഖിലിന്റെ യഥാര്‍ത്ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വ്വകലാശാലയില്‍ നിന്ന് സര്‍ട്ടിപിക്കറ്റ് ലഭിച്ചില്ലെന്നാണ് നിഖിലിന്റെ വിശദീകരണം.
ഇതേ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കുകയായിരുന്നു. സംഭവത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. അതേസമയം, ഡിഗ്രിയുടെ കാര്യത്തില്‍ പ്രശ്‌നമുണ്ടെന്ന് നിഖില്‍ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് വിശദീകരണം. തനിക്ക് 26 വയസായത് കൊണ്ടാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് നിഖില്‍ പറയുന്നത്.












Click it and Unblock the Notifications