നെഞ്ചിന്‍ കൂട് തുറക്കാതെ ഹൃദയ ശസ്ത്രക്രിയ; ആലപ്പുഴ മെഡിക്കല്‍ കോളേജിന് അഭിമാന നേട്ടം
ആലപ്പുഴ : ഹൃദയ ചികിത്സയില്‍ അതിനൂതനമായ ശസ്ത്രക്രിയ രീതിയായ മിനിമല്‍ ഇന്‍വാസിവ് കാര്‍ഡിയക് സര്‍ജറി വിജയകരമാക്കിയിരിക്കുകയാണ് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി. സാധാരണ രീതിയില്‍ ഹൃദയ ശസ്ത്രക്രിയ രോഗിയുടെ നെഞ്ചിന്‍കൂട് തുറന്നാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ അതിനൂതന ശസ്ത്രക്രിയ രീതിയില്‍ രോഗിയുടെ ഇടത് വശത്തെ വാരിയെല്ലിന്റെ വിടവിലൂടെ ചെറിയ മുറിവുണ്ടാക്കിയുള്ള സര്‍ജറിയാണ് നടത്തുന്നത്. ആലപുഴ മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് ഈ രീതിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് .
ആലപ്പുഴ കഞ്ഞിപ്പാടം മടവനമഠം വീട്ടില്‍ 48 വയസ്സുകാരി ശ്രീദേവിയാണ് ശസ്ത്രക്രിയ്ക്ക് വിധേയയായത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഡോ. കെ റ്റി ബിജു, ഡോ. എസ് ആനന്ദകുട്ടന്‍, ഡോ. എ ഫൈസല്‍, അനസ്‌തേഷ്യ വകുപ്പ് മേധാവി ഡോ. ഹരികൃഷ്ണന്‍, ഡോ. തന്ന, ഡോ. ബ്രിജേഷ്, ഡോ. അശ്വതി തുടങ്ങിയവരാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

സ്വകാര്യമേഖലയില്‍ ഏകദേശം പത്ത് ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് വഴി സൗജന്യമായാണ് രോഗിക്ക് ലഭ്യമാക്കിയതെന്നും സാങ്കേതിക പരിമിതികള്‍ക്കിടയിലും ജീവനക്കാരുടെ ഒത്തൊരുമയാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്നും ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. രതീഷ് രാധാകൃഷ്ണന്‍ പറഞ്ഞു. ശരീരത്തിലെ എല്ലുകള്‍ ഒന്നും മുറിക്കാതെ ചെയ്യുന്ന ഈ നൂതന രീതിയില്‍ നെഞ്ചില്‍ ഉണ്ടാകുന്ന അണുബാധ, കലകള്‍ എന്നിവ ഒഴിവാക്കാനും വെന്റിലേറ്റര്‍ സഹായത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും രോഗിയുടെ ആശുപത്രിവാസം കുറച്ച് എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യം കൈവരിക്കുന്നതിനും സാധിക്കും.
ഹൃദയ ശസ്ത്രക്രിയ രംഗത്തെ അധിനൂതന സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങുന്നതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. ഇത് ലഭ്യമാക്കുന്നതോടെ വാല്‍വ് ശസ്ത്രക്രിയ അടക്കമുള്ള ഹൃദയ ശസ്ത്രക്രിയകള്‍ എം.ഐ. സി. എസ്. ലേക്ക് മാറ്റാന്‍ സാധിക്കും . അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി സ്വകാര്യമേഖലയില്‍ ലക്ഷങ്ങള്‍ ചെലവാകുന്ന ഇത്തരം ചികിത്സകള്‍ രോഗികള്‍ക്ക് പൂര്‍ണമായ തോതില്‍ സൗജന്യമായി നല്‍കാന്‍ ആശുപത്രിക്ക് സാധിക്കും .












Click it and Unblock the Notifications