ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളും ഹോട്ടൽ മുറികളും ആശുപത്രിയും നിറഞ്ഞു : ജനങ്ങള്‍ ദുരിതത്തില്‍!
ആലപ്പുഴ: പ്രളയ ഭൂമിയിൽ നിന്നും സ്വന്തം ജീവനുമായി നഗരത്തിലെത്തി എങ്ങോട്ട് പോകുമെന്നറിയാതെ കുട്ടനാട്ടുകാർ. നഗരത്തിലെ ഹോട്ടൽ മുറികളും ദുരിതാശ്വാസ ക്യാംപുകളും ആശുപത്രിയും നിറഞ്ഞു. ആലപ്പുഴ കെഎസ്ആർടിസി ബസ്
സ്റ്റാൻഡിനു പിന്നിലുള്ള മാതാ ജെട്ടിയിലേക്കാണ് ബോട്ടുകളിലും വള്ളങ്ങളിലും കുട്ടനാട്ടുകാരെ എത്തിക്കുന്നത്. കെഎസ്ആർടിസി പരിസരത്ത് രാവിലെ മുതൽ തിരക്കേറി.
ഒരു കുടുംബത്തിൽ തന്നെ ഉള്ളവർ പല ബോട്ടുകളിലായാണ് നഗരത്തിലെത്തുന്നത്. മാതാ ജെട്ടിയിൽ പലരും ഇപ്പോഴും കുടുംബാംഗങ്ങളെ കാത്തു നിൽക്കുകയാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം തിങ്ങി നിറഞ്ഞു. നഗരത്തിലേത്തി പലരും ബന്ധുവീടുകളിലേക്ക് പോകാൻ ഒരുങ്ങുന്നുണ്ടെങ്കിലും പര്യാപ്തമായ ഗതാഗത സംവിധാനമില്ല. നഗരത്തിൽ മാത്രം പതിനഞ്ചോളം ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ആഹാരവും വെള്ളവും കൃത്യമായി വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനു ശുചിമുറികളില്ലാത്തതാണ് ജനങ്ങളെ ബുദ്ധമുട്ടിലാക്കുന്നത്.

1500 പേർ താമസിപ്പിച്ചിരിക്കുന്ന ആലപ്പുഴ തിരുവമ്പാടിയിലെ ക്യാംപിൽ ആകെയുള്ളത് പത്ത് ശുചിമുറികളാണ്. സമീപത്തെ വീടുകളിലും വെള്ളക്കെട്ടായതിനാൽ ആശ്രയിക്കാൻ നിർവ്വാഹമില്ല. കിടപ്പുരോഗികളും മറ്റ് പകർച്ചവ്യാധികളുള്ളവരും ക്യാംപിലുണ്ട്. പലരും അവശരായി. നഗരത്തിലേക്കും കായൽ വെള്ളം ഒഴുകി എത്തിയതോടെ നഗരവാസികളും ആശങ്കയിലാണ്. ഇത് രക്ഷാപ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. ആലപ്പുഴ മാതാ ജെട്ടിയിലേക്ക് കുട്ടനാട്ടിൽ നിന്നും ഇപ്പോഴും ആളുകൾ എത്തുകയാണ്. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇതിനായി നഗരത്തിലെ സ്കൂളുകളും കോളേജുകളും സജ്ജമാക്കുകയാണ്.












Click it and Unblock the Notifications