കെസി വേണുഗോപാല്‍ ഏകാധിപതി: പാര്‍ട്ടിയില്‍ മറ്റുള്ളവരെ വാഴിക്കില്ല, ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ്!
ആലപ്പുഴ: പാര്‍ട്ടിയിലെ സമ്മര്‍ദ്ധങ്ങള്‍ക്കൊടുവില്‍ കൗണ്‍സിലര്‍ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജി വെച്ച നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി.മെഹബൂബ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നു. കെ.സി.വേണുഗോപാലും മുന്‍ ഡിസിസി പ്രസിഡന്‌റ് എ.എ.ഷുക്കൂറും ഏകാധിപതികള്‍ ആണെന്നും പാര്‍ട്ടിയില്‍ മറ്റുള്ളവരെ വാഴിക്കാത്തവരാണ് ഇരുവരുമെന്ന് ആലപ്പുഴ നഗരസഭാ കോണ്‍ഗ്രസ് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.മെഹബൂബ് പറഞ്ഞു. ആലപ്പുഴയില്‍ രാജി സമര്‍പ്പിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും വികസന കാര്യത്തില്‍ മാതൃക ജി .സുധാകരനെന്നും മെഹബൂബ് പറഞ്ഞു.
പ്രഫ.ജി.ബാലചന്ദ്രന്‍, ഡി.സുഗതന്‍, ഷാനിമോള്‍ ഉസ്മാന്‍ പോലെ പലരെയും ഒതുക്കി മൂലയിലാക്കി. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിനെ പുറത്ത് ചാടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആലപ്പുഴയില്‍ ഒരു തീപ്പട്ടി കമ്പിനി പോലും പാര്‍ട്ടി ഭരിക്കുന്ന സമയത്ത് എംപിയും എംഎല്‍എയുമായിരുന്ന കെ.സി വേണുഗോപാല്‍ കൊണ്ടു വന്നട്ടില്ല. ഡിസിസി പ്രസിഡന്റ് എം.ലിജുവിനു പവറില്ല. വെറുതെ കസേരയിലിരിക്കാനെ കഴിയൂവെന്നും മെഹബൂബ് പറഞ്ഞു

പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നതുപോലെ നഗരസഭയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ഒരു ധാരണയുണ്ടായിരുന്നില്ല. ചിലരുടെ സങ്കല്‍പ്പങ്ങളെയാണ് ധാരണയെന്നു പറയുന്നത്. കോണ്‍ഗ്രസിനെ വളര്‍ത്താനല്ല, പകരം സ്വയം വളരാനാണ് ഈ രണ്ടു നേതാക്കളുടെയും ശ്രമമെന്നും തനിക്കെതിരെ കോണ്‍ഗ്രസിലെയും ലീഗിലെയും ചിലര്‍ രാഷ്ട്രീയ പീഡനം നടത്തുകയാണെന്നും മെഹബൂബ് പറഞ്ഞു. തന്നോടുള്ള വിശ്വാസം പാര്‍ട്ടിക്കില്ലെന്നതിന്റെ തെളിവാണ് അവിശ്വാസം കൊണ്ടുവരുന്നത്. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം തീരുമാനപ്രകാരമാണ് രാജിവെച്ചത്.
പാര്‍ട്ടിയിലും നഗരസഭയിലും തന്നെ ഒതുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു സാധിച്ചെന്നും മെഹബൂബ് പറയുന്നു. താന്‍ മാത്രമാണ് പലരുടെയും ടാര്‍ജെറ്റ് . കോണ്‍ഗ്രസിലെ മറ്റു സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷോളി സിദ്ധകുമാറും, രാജു താന്നിക്കലും ബലിയാടുകളാവുകയാണ്. എല്ലാ കൗണ്‍സിലര്‍മാരും തനിക്ക് അനുകൂലമാണ്.എന്നാല്‍ അഭിപ്രായം തുറന്നു പറഞ്ഞാല്‍ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ആരും മിണ്ടാത്തത്. ജില്ലാ കോടതി വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
തത്ക്കാലം ഒരു പാര്‍ട്ടിയുടെയും പിന്തുണ തേടുന്നില്ല. നഗരസഭ!യില്‍ പ്രതിപക്ഷത്തിനൊപ്പം മറ്റു കക്ഷികള്‍ കൂടി ഒത്തുചേര്‍ന്നാല്‍ യുഡിഎഫിനു ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ജില്ലയില്‍ വികസനം സാധ്യമാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും വികസനത്തിന്റെ കാര്യത്തില്‍ മന്ത്രി ജി.സുധാകരനാണ് മികച്ച മാതൃകയെന്നും ബി.മെഹബൂബ് പറഞ്ഞു












Click it and Unblock the Notifications