തൊഴിലുറപ്പ് പദ്ധതി;മുഹമ്മ പഞ്ചായത്ത് ആലപ്പുഴ ജില്ലയില്‍ ഒന്നാമത്
മുഹമ്മ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതിലൂടെ ആലപ്പുഴ ജില്ലയില്‍ മുഹമ്മ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. ഈ വിഭാഗത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും മുഹമ്മ പഞ്ചായത്തിനാണ്. കൂലിയനത്തില് മാത്രം 1,57,72,200 രൂപ നല്കി. കൂടാതെ 4,41,82000 രൂപയുടെ ജോലികളാണ് ഏറ്റെടുത്തത്.
ലൈഫ് മിഷന് പദ്ധതി പ്രകാരം 226 കുടുംബങ്ങളുടെ പ്രവൃത്തികള്‍ ഏറ്റെടുത്തു. 43 ശുചിമുറികള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. 26 പ്രവൃത്തികളിലായി 3.85 കിലോ മീറ്റര്‍ റോഡുകളും പൂര്‍ത്തീകരിച്ചു. കാലങ്ങളായി നികന്ന് കിടന്ന തോടുകള്‍ ആഴം കൂട്ടി നവീകരിച്ചു. 53 പ്രവൃത്തികളിലായി 35 കിലോമീറ്റര്‍ തോടാണ് ഇത്തരത്തില്‍ നവീകരിച്ചത്. ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായി 16 നഴ്സറികളും ആരംഭിച്ചു.
582 കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ പൂര്‍ത്തീകരിക്കാനായി. 47 പട്ടികജാതി കുടുംബങ്ങള്‍ 8 പട്ടിക വര്‍ഗ കുടുംബങ്ങള്‍, 527 പൊതുവിഭാഗം എന്നിങ്ങനെയാണ് തൊഴില്‍ നല്‍കിയത്. രണ്ട് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 200 ദിവസം തൊഴില്‍ പൂര്‍ത്തീകരിക്കാനായി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കാണിത്. ഡിസംബര്‍ അവസാനത്തോടെ 1100 കുടംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ പറഞ്ഞു.