പിതൃത്വം ഏറ്റെടുക്കാന്‍ നടക്കുന്നവർ അന്ന് എതിർത്തവർ, ജി സുധാകരന് മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ആലപ്പുഴ എംഎല്‍എ എച്ച് സലാം. പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇന്ന് ശ്രമം നടത്തുന്നവര്‍ അന്ന് അതിനെ എതിര്‍ത്തവരാണെന്ന് എച്ച് സലാം പറഞ്ഞു. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന വേദിയിലാണ് ജി സുധാകരനും കെസി വേണുഗോപാലിനുമുളള എംഎല്‍എയുടെ മറുപടി.
ആശുപത്രി പുതിയ ബ്ലോക്കിന് വേണ്ടി പരിശ്രമിച്ചവരെ ഉദ്ഘാടന പരിപാടിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിനെ ചൊല്ലിയായിരുന്നു വിവാദം. താനും കെസി വേണുഗോപാലും കെകെ ശൈലജയും അടക്കമുളളവര്‍ ഇതിന് വേണ്ടി പരിശ്രമിച്ചവരാണെന്നും തന്നെ ഒഴിവാക്കിയാല്‍ പോലും വേണുഗോപാലിനേയും ശൈലജയേയും ഉള്‍ക്കൊള്ളിക്കണമായിരുന്നു എന്നാണ് മുന്‍ മന്ത്രിയും ആലപ്പുഴ എംഎല്‍എയുമായിരുന്ന ജി സുധാകരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചത്.
ഇപ്പോഴുളള വിവാദങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് എച്ച് സലാം ആരോപിച്ചു. എല്ലാ കാലത്തും ചുമതലപ്പെട്ടവര്‍ പരിപാടിയില്‍ പങ്കെടുക്കുക എന്നതാണ് രീതി. 2016ല്‍ ജെപി നദ്ദ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയപ്പോള്‍ മുന്‍ എംഎല്‍എമാരെയോ എംപിമാരെയോ ക്ഷണിച്ചിരുന്നില്ലെന്നും ഇന്നത്തെ പരിപാടിയിലേക്ക് ജി സുധാകരനെ വിളിച്ചിരുന്നുവെന്നും എച്ച് സലാം പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയുടെ കുറിപ്പ്: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ രംഗത്ത് വലിയ ചുവടുവെപ്പുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. പൊതുജനാരോഗ്യ സംവിധാനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനാണ് ഇടതുപക്ഷ സർക്കാർ ഇടപെടുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ മുഖഛായ തന്നെ മാറ്റുന്ന വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. പി.എം.എസ്.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായി പുതിയ ബ്ലോക്ക് പണികഴിപ്പിച്ചിട്ടുള്ളത്. ആധുനിക മെഡിക്കല്‍ ഉപകരണങ്ങൾ സഹിതം ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുൾക്കൊള്ളുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ധന സഹായമുപയോഗിച്ച് 173.18 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്.
Astrology Tips: വീട്ടില്‍ സമ്പാദ്യവും ഐശ്വര്യവും കുമിഞ്ഞ് കൂടും: ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, എന്‍ഡോക്രൈനോളജി, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, ന്യൂറോ സര്‍ജറി, യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. 6 പോസ്റ്റ് കാത്ത് ഐ.സി.യു., 6 സ്റ്റെപ് ഡൗണ്‍ ഐ.സി.യു., എട്ട് മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കായി തയ്യാറാക്കിയ ആറു നില ബ്ലോക്കിൽ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ആവശ്യമുള്ള ജീവനക്കാരെയുൾപ്പെടെ നിയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട അത്യാധുനിക ചികിത്സാ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. നമ്മുടെ മെഡിക്കൽ കോളജുകളെ ലോക നിലവാരത്തിലേക്കുയർത്താനുള്ള നടപടികളുമായി നമുക്കൊരുമിച്ച് മുന്നോട്ടുപോകാം.












Click it and Unblock the Notifications